NEWSROOM

ഭീകരവാദത്തെ വെച്ചുപൊറുപ്പിക്കില്ല; പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധവും അവസാനിപ്പിക്കണം: സൗരവ് ഗാംഗുലി

Author : ന്യൂസ് ഡെസ്ക്

പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും  ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. കൊല്‍ക്കത്തയില്‍ എഎന്‍ഐയോടാണ് ഗാംഗുലിയുടെ പ്രതികരണം. ഭീകരാവദത്തെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ഗാംഗുലി പറഞ്ഞു.

ടി20, ഏകദിന ലോകകപ്പ്, ചാംപ്യന്‍ഷിപ്പ് ട്രോഫി, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പോലുള്ള ഐസിസി വേദികളില്‍ മാത്രമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയും പാകിസ്ഥാനും ഒന്നിക്കുന്നത്. ഇനി അതും പൂര്‍ണമായി നിര്‍ത്തലാക്കണമെന്നാണ് ഗാംഗുലി ആവശ്യപ്പെട്ടിരിക്കുന്നത്.

നയതന്ത്ര പ്രശ്‌നങ്ങളെ തുടര്‍ന്ന് 2008 മുതല്‍ ഇന്ത്യ പാകിസ്ഥാനിലേക്ക് ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി പോയിട്ടില്ല. 2018 ല്‍ ഏഷ്യാ കപ്പില്‍ മത്സരിക്കാനാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനിലെത്തിയത്. രണ്ട് ബദ്ധവൈരികളും അവസാനമായി ഇന്ത്യയില്‍ ഒരു ദ്വിരാഷ്ട്ര പരമ്പര കളിച്ചത് 2012-13ലാണ്.

ഇക്കഴിഞ്ഞ ഐസിസി ചാംപ്യന്‍ഷിഫ് ട്രോഫിയില്‍ പാകിസ്ഥാന്‍ ആതിഥേയരായിരുന്നിട്ടും ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ വെച്ചാണ് നടന്നത്. ഇന്ത്യയിലോ പാകിസ്ഥാനിലോ വെച്ച് നടക്കുന്ന ഐസിസി ടൂര്‍ണമെന്റുകളില്‍ ഈ ഹൈബ്രിഡ് മോഡല്‍ തുടരാനാണ് തീരുമാനവും.

ഇതിനിടയിലാണ്, പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ കൂടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകന്‍ രംഗത്തെത്തുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കടുത്ത അഭിപ്രായത്തിലേക്ക് സൗരവ് ഗാംഗുലി എത്തിയത്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി ഇന്ത്യ ഒരു ദ്വിരാഷ്ട്ര ക്രിക്കറ്റ് മത്സരവും കളിക്കില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും സ്ഥിരീകരിച്ചിരുന്നു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കൊപ്പവും രാജ്യത്തിന്റെ വികാരത്തിനൊപ്പവുമാണ് ബിസിസിഐയുടെ നിലപാടെന്നും ഇന്ത്യാ ഗവണ്‍മെന്റ് പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുമെന്നുമാണ് രാജീവ് ശുക്ല പറഞ്ഞത്.

SCROLL FOR NEXT