NEWSROOM

മൂന്ന് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്ത് സുരക്ഷാ സേന; കശ്മീരില്‍ ഇതുവരെ തകര്‍ത്തത് ഒമ്പത് വീടുകള്‍

മൂന്ന് പേരും ലഷ്‌കര്‍ ഇ തയ്ബ പ്രവര്‍ത്തകരാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്

Author : ന്യൂസ് ഡെസ്ക്

പഹല്‍ഗാം ഭീകരാക്രമണത്തില്‍ സംശയിക്കുന്നവരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടി തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസം തെക്കന്‍ കശ്മീരില്‍ മൂന്ന് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്തു. ഇതോടെ, ഭീകരാക്രമണത്തിനു ശേഷം സംശയിക്കുന്നവരുടെ ഒമ്പത് വീടുകളാണ് സുരക്ഷാ സേന തകര്‍ത്തത്.


ഷോപ്പിയാനിലെ സൈനപോറയില്‍ അദ്നാന്‍ ഷാഫി ദാര്‍, പുല്‍വാമയിലെ ദരംഡോറയിലുള്ള അമീര്‍ നസീര്‍, ബന്ദിപോറയിലെ നാസ് കോളനിയിലുള്ള ജമീല്‍ അഹ്‌മദ് എന്നിവരുടെ വീടുകളാണ് ഇന്നലെ കഴിഞ്ഞ ദിവസം രാത്രി തകര്‍ത്തത്. മൂന്ന് പേരും ലഷ്‌കര്‍ ഇ തയ്ബ പ്രവര്‍ത്തകരാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണം നടത്തിയതായി സംശയിക്കുന്ന ദി റസിസ്റ്റന്റ് ഫോഴ്‌സിലെ അംഗമാണ് അദ്‌നാന്‍ ഷാ ദാര്‍ എന്നാണ് കരുതുന്നത്. 2017 മുതല്‍ ജമീല്‍ അഹ്‌മദ് പാകിസ്ഥാനിലാണെന്നും കരുതുന്നു.


ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരായ ആസിഫ് അഹമദ് ഷെയ്ഖ്, ആദില്‍ അഹമദ് തോക്കര്‍, ഷാഹിദ് അഹമദ് കട്ടെയ് എന്നിവരുടെ വീടുകള്‍ സുരക്ഷാ സേന നേരത്തേ തകര്‍ത്തിരുന്നു. പുല്‍വാമയിലെ കച്ചിപോരാ, മുറാന്‍ മേഖലയിലായിരുന്നു വീടുകള്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് ബന്ധമുള്ള മൂന്ന് പേരില്‍ ഒരാളാണ് ആദില്‍ തോക്കര്‍ എന്നാണ് കരുതുന്നത്. ആസിഫ് അഹമ്മദ് ഷെയ്ഖിനും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് കണ്ടെത്തല്‍.



അതിനിടയില്‍, കുല്‍ഗാം കാടുകളില്‍ ഭീകരരുമായി സൈന്യം ഇന്ന് ഏറ്റുമുട്ടി. നാല് പേരടങ്ങുന്ന സംഘവുമായി നാല് ഇടങ്ങളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷാ സേനയ്ക്ക് നേരെ വെടിവെച്ച ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. ഭീകരര്‍ ഈ പ്രദേശം വിട്ടുപോയിട്ടില്ലെന്നാണ് സുരക്ഷാ ഏജന്‍സികളുടെ അനുമാനം. ഭീകരര്‍ക്കായി വ്യാപകമായ തിരച്ചിലാണ് കശ്മീര്‍ താഴ്വരയില്‍ നടക്കുന്നത്.

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ശ്രീനഗറില്‍ ആര്‍മി കോര്‍ കമാന്‍ഡുമാരുടെ യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേരും. കശ്മീരില്‍ ലഫ്റ്റനന്റ് ജനറല്‍ പ്രത്യേക നിയമസഭാ സമ്മേളനവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

SCROLL FOR NEXT