ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്നലെ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട നാല് ഭീകരരുടെ ചിത്രം സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. എൻഡിടിവിയാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നീ മൂന്ന് ഭീകരർ പഹൽഗാമിൽ കൂട്ടക്കുരുതി നടപ്പാക്കിയവരുടെ കൂട്ടത്തിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇവരെല്ലാം ലഷ്കർ ഇ ത്വയ്ബയുമായി ബന്ധമുള്ളവരാണെന്നും കുറഞ്ഞത് രണ്ട് പേരെങ്കിലും വിദേശികളാണെന്നും ഏജൻസികളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. മൂന്ന് എകെ റൈഫിളുകളും ഒരു എം4 റൈഫിളും ഇവരുടെ കൈവശമുണ്ടെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
അതേസമയം, രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം നടത്തിയ ഭീകരരേയും അവർക്ക് പിന്നിലുള്ള ഗൂഢാലോചനക്കാരേയും കണ്ടെത്താൻ ഊർജിതമായ അന്വേഷണത്തിലാണ് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികൾ.
പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയ്ക്ക് (എൽഇടി) കീഴിലുള്ള റെസിസ്റ്റൻസ് ഫ്രണ്ട് ചൊവ്വാഴ്ച തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.