NEWSROOM

ശ്രീനഗർ വിമാനത്താവളത്തില്‍ ഡ്രോണാക്രമണമെന്ന് സൂചന; പ്രതിരോധ നടപടികൾ ആരംഭിച്ചു

ജമ്മു കശ്മീരിലെ സാംബയിൽ ബ്ലാക്ക് ഔട്ടിനിടെ അതിർത്തി കടന്നെത്തിയ രണ്ട് പാക് ഡ്രോണുകൾ ഇന്ത്യൻ വ്യോമസേന നിർവീര്യമാക്കി

Author : ന്യൂസ് ഡെസ്ക്

ശ്രീനഗർ വിമാനത്താവളത്തിൽ  പാകിസ്ഥാന്‍ ഡ്രോൺ ആക്രമണം നടന്നതായി സൂചന. അധികൃതർ പ്രതിരോധ നടപടികൾ ആരംഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ ശ്രമം ഇന്നലെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

ജമ്മു കശ്മീരിലെ കൂടുതൽ മേഖലകളിൽ പാക് ഡ്രോൺ ആക്രമണങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ട്. ബുദ്ഗാം, അവന്തിപോറ, സോപൂർ, ബാരാമുള്ള, പുൽവാമ, അനന്ത്നാഗ് എന്നിവിടങ്ങളില്‍ നിന്ന് പാകിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തിയത്. പാക് അധീന കശ്മീരിലെ പാകിസ്ഥാന്‍ സൈനിക പോസ്റ്റ് ഇന്ത്യ തകർത്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യങ്ങളിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല.

അതേസമയം, ജമ്മു കശ്മീരിലെ സാംബയിൽ ബ്ലാക്ക് ഔട്ടിനിടെ അതിർത്തി കടന്നെത്തിയ രണ്ട് പാക് ഡ്രോണുകൾ ഇന്ത്യൻ വ്യോമസേന നിർവീര്യമാക്കി. സാംബയ്ക്ക് പുറമെ ജമ്മു, പത്താൻകോട്ട് എന്നിവിടങ്ങളിലും പാക് ഡ്രോണുകൾ കാണപ്പെട്ടതായി സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. നിലവിൽ ജമ്മുവും ശ്രീനഗറും സമ്പൂർണ ബ്ലാക്ക് ഔട്ടിലാണ്. ജമ്മു കശ്മീർ അതിർത്തിയിലെ ഉറി സെക്ടറിൽ വീണ്ടും പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ ലംഘിച്ച് വെടിവെപ്പ് നടത്തിയെന്നും ശക്തമായ ഷെല്ലാക്രമണം നടത്തുന്നതായും റിപ്പോർട്ടുണ്ട്. ഇവിടെ വെടിയൊച്ചകൾ കേട്ടതായും മലനിരകളിൽ നിന്ന് പുകപടലങ്ങൾ ഉയർന്നതായും പ്രദേശവാസികളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT