NEWSROOM

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് സൈന്യം, പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു

അതിര്‍ത്തി കടന്നുള്ള ഭീകരതയെയോ അതിന് സഹായിക്കുന്ന പ്രവര്‍ത്തികളെയോ ഇനി അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ഇന്ത്യയുടെ തിരിച്ചടി

Author : ന്യൂസ് ഡെസ്ക്

ഇന്ത്യാ- പാക് സംഘർഷം യുദ്ധ സമാനമായ സാഹചര്യത്തിൽ എത്തി നിൽക്കെ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം തുടരുന്നതായി സൈന്യം അറിയിച്ചു. നിയന്ത്രണ രേഖയിലെ വിവിധയിടങ്ങളിൽ പാക് സൈന്യം വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ പൗരന്മാരെ ലക്ഷ്യം വച്ചാണ് വെടിവയ്പ്പെന്നും സൈന്യം. അതേ സമയം അതിർത്തിയിലെ സ്ഥിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്ന് കരസേനാ മേധാവി അറിയിച്ചു.

അതിനിടെ പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തില്‍ സൈനികൻ വീരമൃത്യു വരിച്ചു. കൊല്ലപ്പെട്ടത് ലാന്‍സ് നായിക് ദിനേശ് കുമാർ. 4 കുട്ടികളടക്കം 15 പേരാണ് പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്


ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ഒമ്പത് കേന്ദ്രങ്ങളിലായി ഇന്ത്യ 24 മിസൈല്‍ ആക്രമണങ്ങൾ നടത്തി. ആക്രമണത്തിൽ ലഷ്‌കര്‍-ഇ-ത്വയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ മധ്യനിര, മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 70 ഭീകരര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരതയെയോ അതിന് സഹായിക്കുന്ന പ്രവര്‍ത്തികളെയോ ഇനി അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ഇന്ത്യയുടെ തിരിച്ചടി.

ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്ഥാനിലെ സാധാരണ ജനങ്ങള്‍ക്ക് ജീവഹാനിയുണ്ടാകാതിരിക്കാന്‍ സൈന്യം ശ്രദ്ധിച്ചതായി സംയുക്ത സേനാ
വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആക്രമണത്തിനുള്ള ആയുധങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇന്ത്യ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. ക്ലിനിക്കല്‍ കൃത്യതയോടെ ഭീകരകേന്ദ്രങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള ആക്രമണത്തില്‍ ഒരു സിവിലിയനും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കേണല്‍ സോഫിയ ഖുറേഷി വ്യക്തമാക്കിയിരുന്നു.


പുലര്‍ച്ചെ, 1.05 മുതല്‍ 1.30 വരെയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഇന്ത്യന്‍ സൈന്യം തകര്‍ത്ത പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളുടെ വിവരങ്ങള്‍ സോഫിയ ഖുറേഷി എണ്ണിപ്പറഞ്ഞു. അജ്മല്‍ കസബ്, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നിവരടക്കമുള്ള ഭീകരര്‍ പരിശീലനം നടത്തിയ കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്.


പാകിസ്ഥാന്‍ വളര്‍ത്തിയ ഒമ്പത് ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തി നശിപ്പിച്ചു. ഈ കേന്ദ്രങ്ങളില്‍ നിന്നാണ് പാകിസ്ഥാന്‍ ഭീകരവാദ റിക്രൂട്ട്‌മെന്റ് നടക്കുന്നതെന്നും ഇന്ത്യന്‍ സേന വ്യക്തമാക്കി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തത്.

SCROLL FOR NEXT