NEWSROOM

പാകിസ്ഥാനും രക്ഷയില്ല; ഖൈബർ പഖ്തൂൺഖ്വയില്‍ ഈ വര്‍ഷം ഇതുവരെ 284 ഭീകരാക്രമണങ്ങള്‍, കൊല്ലപ്പെട്ടത് 148 ഭീകരര്‍

2024ൽ പ്രവിശ്യയിൽ 732 ഭീകരാക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023ല്‍ ഇത് 651 ആയിരുന്നു.

Author : ന്യൂസ് ഡെസ്ക്



പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഈ വര്‍ഷം ഇതുവരെ 284 ഭീകരാക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പ്രത്യാക്രമണങ്ങളില്‍ 148 ഭീകരര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് ഭീകരവാദത്താല്‍ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ട പ്രവിശ്യകളിൽ ഒന്നായി വടക്കുപടിഞ്ഞാറൻ പ്രവിശ്യ തുടരുകയാണെന്നും ഭീകര വിരുദ്ധ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വടക്കന്‍ വസീറിസ്ഥാന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായത്, 53 എണ്ണം. ബന്നു (35), ദേര ഇസ്മായിൽ ഖാൻ (31), പെഷവാർ (13), കുർറാം (8) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ആക്രമണങ്ങളുടെ കണക്ക്. പ്രത്യാക്രമണങ്ങളില്‍ ഇതുവരെ 148 ഭീകരരും കൊല്ലപ്പെട്ടു. മുഖ്യമന്ത്രി അലി അമിൻ ഗന്ധാപുരിന്റെ സ്വന്തം ജില്ലയായ ദേര ഇസ്മായിൽ ഖാനിൽ 67 പേരാണ് കൊല്ലപ്പെട്ടത്. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളിൽ 1,116 പേരെയാണ് പ്രതികളായി ചേര്‍ത്തിരിക്കുന്നത്. ഇവരില്‍ 391 പേര്‍ വടക്കാന്‍ വസീറിസ്ഥാനില്‍ നിന്നുള്ളവരാണ്. കുറാമില്‍ നിന്നുള്ള 166 പേരും പ്രതിപ്പട്ടികയിലുണ്ട്. ഇതുവരെ 95 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരില്‍ 70 പേര്‍ കുര്‍റാമില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പ്രവിശ്യയില്‍ ഭീകരാക്രമണം വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2024ൽ പ്രവിശ്യയിൽ 732 ഭീകരാക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023ല്‍ ഇത് 651 ആയിരുന്നു. 2009നും 2010നും ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 2021 മധ്യത്തോടെ ക്രമസമാധാന നില വഷളാകാൻ തുടങ്ങിയ ഖൈബർ പഖ്തൂൺഖ്വയില്‍ 2023ല്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു. പ്രവിശ്യാ തലസ്ഥാനത്തെ പൊലീസ് ആസ്ഥാനം വരെ ആക്രമിക്കപ്പെട്ടു.

2023 ജനുവരിയിൽ, പൊലീസ് ആസ്ഥാനത്തിന് സമീപമുള്ള പള്ളിയില്‍ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സേനയ്ക്കെതിരായ ഏറ്റവും വലിയ ആക്രമണത്തില്‍ 86ലധികം പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്കാണ് പരിക്കേറ്റത്. സമീപകാലങ്ങളില്‍, പൊലീസിനും നിയമപാലകര്‍ക്കുമൊപ്പം, മതപണ്ഡിതരും രാഷ്ട്രീയക്കാരും മറ്റു ഉന്നത വ്യക്തികളുമൊക്കെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നുണ്ട്.

SCROLL FOR NEXT