NEWSROOM

കശ്മീരിൻ്റെ വർഷങ്ങളുടെ പരിശ്രമം ഇല്ലാതാക്കി, ആക്രമണം വിനോദസഞ്ചാരമേഖലയ്ക്ക് വൻ തിരിച്ചടി: ഒമർ അബ്ദുള്ള

"ആക്രമണത്തിലൂടെ ജമ്മു കശ്മീർ വിഷയം അന്താരാഷ്ട്രവത്ക്കരിക്കാൻ പാകിസ്ഥാന് വീണ്ടും സാധിച്ചു"

Author : ന്യൂസ് ഡെസ്ക്

പഹൽഗാം ആക്രമണം സാമ്പത്തികമായും നയതന്ത്രപരമായും സംസ്ഥാനത്തിൻ്റെ വർഷങ്ങളുടെ പ്രവർത്തനത്തെ ഇല്ലാതാക്കിയെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എൻഡിടിവിയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. വളരെക്കാലത്തെ പരിശ്രമം കൊണ്ട് വീണ്ടെടുത്ത സംസ്ഥാനത്തിൻ്റെ വിനോദസഞ്ചാര മേഖലയ്ക്ക് ആക്രമണം തിരിച്ചടിയായെന്നും ഒമ‍ർ അബ്ദുള്ള പറഞ്ഞു.

"ഒട്ടും പ്രതീക്ഷിക്കാത്തൊരു അവസ്ഥയിലാണ് നമ്മൾ ഇപ്പോഴുള്ളത്. രക്തച്ചൊരിച്ചിൽ അനുഭവിച്ച ഒരു സമയത്താണ് നമ്മൾ. പ്രക്ഷുബ്ധമായ പ്രക്ഷോഭമാണ് ഉണ്ടായത്. എല്ലാം മാറിയിരിക്കുന്നു. എന്നാൽ ചില കാര്യങ്ങളിൽ ഒന്നും മാറിയിട്ടില്ല," ഒമ‍ർ അബ്ദുള്ള എൻഡിടിവിയുമായുള്ള പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. എന്ത് തരം മാറ്റമാണ് ഉദ്ദേശിച്ചതെന്ന ചോദ്യത്തിന്, "സാധാരണ നിറയെ വിനോദസഞ്ചാരികളെത്തുന്ന സമയമാണിത്. സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുന്ന സമയം... കുട്ടികൾ സ്കൂളിൽ പോകുന്ന സമയം... ദിവസം 50-60 ഫ്ലൈറ്റുകളോടെ വിമാനത്താവളങ്ങൾ പ്രവർത്തിക്കേണ്ട സമയം... എന്നാൽ ഇപ്പോൾ, താഴ്‌വര ശൂന്യമാണ്, സ്‌കൂളുകൾ അടച്ചിടേണ്ടി വന്നു, വിമാനത്താവളവും വ്യോമമേഖലയും അടച്ചിരിക്കുന്നു," ഒമ‍ർ അബ്ദുള്ള പ്രതികരിച്ചു.

എന്നിട്ടും ഒന്നും മാറിയിട്ടില്ലെന്ന് ഞാൻ പറയുമ്പോൾ -- നിർഭാഗ്യവശാൽ, ജമ്മു കശ്മീർ വിഷയം അന്താരാഷ്ട്രവത്ക്കരിക്കാൻ പാകിസ്ഥാന് വീണ്ടും സാധിച്ചു. യുഎസ് വീണ്ടും മധ്യസ്ഥൻ്റെ റോളിൽ തങ്ങളെ തന്നെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നു, ഒമ‍ർ അബ്ദുള്ള പറഞ്ഞു. മൂന്നാഴ്ച മുമ്പ് തിരക്കേറിയ സ്ഥലമായിരുന്നു ഇവിടം. ബഹൽഗയിൽ വിനോദസഞ്ചാരികൾ നിറഞ്ഞിരുന്നു. പിന്നെ ആണ് ആ ഭീകരാക്രമണം ഉണ്ടായതെന്നും ഒമ‍ർ അബ്ദുള്ള കൂട്ടിച്ചേർത്തു.

അതേസമയം, വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ ഇന്ത്യ-പാകിസ്ഥാൻ സൈനികതല ചർച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ആരംഭിക്കുന്ന ചർച്ചയിൽ ഇരു രാജ്യങ്ങളുടെയും ഡിജിഎംഒമാർ പങ്കെടുക്കും.

SCROLL FOR NEXT