NEWSROOM

പഹൽഗാം ഭീകരാക്രമണത്തിന് നേതൃത്വം നൽകിയത് പാക് പാരാ കമാൻഡോ ഹാഷിം മൂസ; ഇയാൾ ലഷ്‌കറെ-ത്വയ്ബയുടെ ഓപ്പറേഷൻ തലവനെന്ന് എൻഐഎ

ജമ്മു കശ്മീർ ഉദ്യോഗസ്ഥനെയും, മൂന്ന് സെക്യൂരിറ്റി ഗാർഡിനെയും എൻഐഎ ചോദ്യം ചെയ്യുകയാണ്

Author : ന്യൂസ് ഡെസ്ക്

പഹൽഗാം ഭീകരാക്രമണത്തിൽ നിർണായക വിവരങ്ങളുമായി എൻഐഎ. കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയത് പാക് പാരാ കമാൻഡോ ഹാഷിം മൂസയെന്ന് എൻഐഎ. ഇയാൾ ലഷ്‌കറെ ത്വയ്ബയുടെ ഓപ്പറേഷൻ തലവനെന്നും എൻഐഎ അറിയിച്ചു. ജമ്മു കശ്മീർ ഉദ്യോഗസ്ഥനെയും, മൂന്ന് സെക്യൂരിറ്റി ഗാർഡിനെയും എൻഐഎ ചോദ്യം ചെയ്യുകയാണ്. ബൈസരൺവാലിയിലെ സിപ്പ്ലൈൻ ഓപ്പറേറ്ററേയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

അതിർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്. തുടർച്ചയായ അഞ്ചാം ദിവസവും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്നാണ് അധികൃതർ അറിയിക്കുന്നത്.  അതേസമയം, ഇന്ത്യയുടെ ഭാഗത്ത് നിന്ന് മിന്നലാക്രമണം പ്രതീക്ഷിച്ച് സൈന്യബലം കൂട്ടിയെന്ന് പാക് പ്രതിരോധ മന്ത്രി അറിയിച്ചിരുന്നു. 

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പാകിസ്ഥാൻ സൈനികർ നിയന്ത്രണരേഖയിലെ വിവിധ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവയ്പ്പ് നടത്തിവരികയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു.


പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ ഫ്രാൻസുമായി 63,000 കോടിയുടെ കരാറൊപ്പിട്ടിരുന്നു. ഇതിൻ്റെ ഭാഗമായി 26 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യൻ നാവിക സേനയുടെ ഭാഗമാകും. ഏപ്രിൽ 22നാണ് പഹൽഗാമിലെ ബൈസരൺവാലിയിൽ വെച്ച് നടന്ന വെടിവെപ്പിൽ മലയാളിയടക്കം 26പേർ കൊല്ലപ്പെട്ടത്.

SCROLL FOR NEXT