ഇന്ത്യ റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമത്താവളം ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. മെയ് പത്തിന് നടത്തിയ ആക്രമണത്തിലാണ് വ്യോമത്താവളവും മറ്റു സ്ഥലങ്ങളും ആക്രമിച്ചെന്ന് പാക് പ്രധാനമന്ത്രി സമ്മതിക്കുന്നത്.
പാക് സൈനിക തലവനായ ജനറല്‍ അസിം മുനീര്‍ ആക്രമണത്തെക്കുറിച്ച് അറിയിക്കുന്നതിനായി തന്നെ പുലര്‍ച്ചെ 2.30 ന് വിളിച്ചുവെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
'ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലുകള്‍ നൂര്‍ ഖാന്‍ വ്യോമത്താവളത്തിലും മറ്റു പ്രദേശങ്ങളിലും പതിച്ചതായി മെയ് 10ന് പുലര്‍ച്ചെ 2.30ന് ജനറല്‍ സയ്യിദ് അസിം മുനീര്‍ എന്നെ വിളിച്ച് അറിയിച്ചു. നമ്മുടെ വ്യോമ സേന രാജ്യത്തെ രക്ഷിക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചു. കൂടാതെ ചൈനീസ് ജെറ്റുകള്‍ക്ക് മുകളില്‍ അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ചു,' ഷഹ്ബാസ് ഷെരീഫ് പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ നൂര്‍ ഖാനിലേതടക്കം പാകിസ്ഥാനിലെ 11 വ്യോമത്താവളങ്ങള്‍ ആക്രമിച്ചതായി എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള സ്ഥിരീകരണം വരുന്നത്.
പാക് പ്രധാനമന്ത്രിയുടെ സ്ഥിരീകരണത്തിന് പിന്നാലെ ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരണവുമായി രംഗത്തെത്തി. ഓപ്പറേഷന്‍ സിന്ദൂറിന്റെ കൃത്യതയാണ് ഇത് കാണിക്കുന്നതെന്നായിരുന്നു അമിത് മാളവ്യയുടെ പ്രതികരണം.
'നൂര്‍ ഖാന്‍ എയര്‍ ബേസ് തകര്‍ന്നതായി പുലര്‍ച്ചെ ആര്‍മി ജനറല്‍ വിളിച്ച് അറിയിച്ചെന്ന് ഷഹബാസ് ഷെരീഫ് തന്നെ സമ്മതിക്കുകയാണ്. ഓപ്പേറഷന്‍ സിന്ദൂറിന്റെ ആഴവും വ്യാപ്തിയും മനസിലാക്കാന്‍ പുലര്‍ച്ചെ 2.30ന് പാക് പ്രധാനമന്ത്രി ഉണര്‍ന്നിരിക്കുകയായിരുന്നു,' അമിത് മാളവ്യ പരിഹസിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് തിരിച്ചടി നല്‍കിയത്. നൂറിലേറെ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് സൈന്യം വിശദീകരിക്കുന്നത്.
ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഷെല്ലാക്രമണം ശക്തമാക്കിയിരുന്നു. ഇതിന് മറുപടിയായി ഇന്ത്യ പാകിസ്ഥാന്റെ റഡാര്‍ സ്റ്റേഷനുകളും 11 വ്യോമത്താവളങ്ങളും അടക്കം തകര്‍ത്തിരുന്നു.