NEWSROOM

ആകാശച്ചുഴിയിൽപ്പെട്ട് ഇൻഡിഗോ വിമാനം; അടിയന്തര സാഹചര്യത്തിലും വ്യോമപാത വിലക്കി പാകിസ്ഥാൻ

അടിയന്തര ലാൻഡിങ്ങിന് ഒരു വിമാനം അനുമതി തേടിയാൽ അത് നിരസിക്കരുത് എന്നാണ് ചട്ടം. അതാണിപ്പോൾ പാകിസ്ഥാൻ ലംഘിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ആകാശച്ചുഴിയിൽപെട്ട് കേടുപാടുകളുണ്ടായ ഇൻഡിഗോ വിമാനത്തിന് അടിയന്തര സാഹചര്യത്തിലും വ്യോമപാത വിലക്കി പാകിസ്ഥാൻ. ചുഴിയിൽപെട്ട ഡൽഹി-ശ്രീനഗർ ഇൻഡിഗോ വിമാനത്തിനാണ് അടിയന്തര ലാൻ്റിങ് വിലക്കിയത്. ആകാശച്ചുഴിയിൽപ്പെട്ട് മുൻഭാഗം തകർന്ന വിമാനം പിന്നീട് ശ്രീനഗറിലാണ് ലാൻഡ് ചെയ്തത്.  

ബുധനാഴ്ച വൈകിട്ട് 5 മണിക്കാണ് 220 യാത്രക്കാരുമായി പോയ ഇൻഡിഗോ 6E 2142 വിമാനം ആകാശച്ചുഴിയിൽപ്പെട്ടത്. അടിയന്തര ലാൻഡിങ്ങിന് ഒരു വിമാനം അനുമതി തേടിയാൽ അത് നിരസിക്കരുത് എന്നാണ് ചട്ടം. അതാണിപ്പോൾ പാകിസ്ഥാൻ ലംഘിച്ചിരിക്കുന്നത്. അമൃത്​സറിന് മുകളിലൂടെ പറക്കവേ അപകടം മുന്നില്‍ക്കണ്ട പൈലറ്റ് മുന്നറിയിപ്പ് നല്‍കയിയിരുന്നു.

വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ലഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് ആവശ്യപ്പെട്ടു എന്നുമാണ് റിപ്പോർട്ട്. പാകിസ്ഥാൻ എയര്‍ ട്രാഫിക് കണ്‍ട്രോൾ ഇത് നിരസിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉടൻ തന്നെ പൈലറ്റ് ശ്രീനഗറിലെ എയർട്രാഫിക് കൺട്രോൾ റൂമിനെ ബന്ധപ്പെടുകയും അടിയന്തര ലാൻഡിങിന് അനുമതി തേടുകയുമായിരുന്നു. മോശം കാലാവസ്ഥ കാരണം വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിടാനും സാധിച്ചിരുന്നില്ല.


അഞ്ച് തൃണമൂല്‍ നേതാക്കളും സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നു.ആലിപ്പഴ വീഴ്ചയില്‍ വിമാനത്തിന്‍റെ മുന്‍ഭാഗത്തിന് സാരമായ കേടുപാടുകളാണ് സംഭവിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇൻഡിഗോ അറിയിച്ചു. കനത്ത മഴയ്ക്കും കാറ്റിനും ഇടിമിന്നലിനുമൊപ്പം ശക്തമായ ആലിപ്പഴ വീഴ്ച കൂടി ഉണ്ടായതോടെ ഡൽഹിയിൽ നിന്നുള്ള നിരവധി വിമാനങ്ങളുടെ സമയക്രമം മാറ്റേണ്ടി വന്നു. ചില വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ട അവസ്ഥയും ഉണ്ടായി.

SCROLL FOR NEXT