NEWSROOM

ജയശങ്കറിന്റെ കശ്മീര്‍ പരാമര്‍ശം തള്ളി പാകിസ്ഥാന്‍; കൈവശപ്പെടുത്തിയിരിക്കുന്ന കശ്മീരിന്റെ ഭാഗം ഇന്ത്യ ഒഴിയണമെന്നും ആവശ്യം

ജ​മ്മു -ക​ശ്മീ​രി​ന്റെ അ​ന്തി​മ പ​ദ​വി നി​ർ​ണ​യി​ക്കേ​ണ്ട​ത് സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ ജ​ന​ഹി​ത പ​രി​ശോ​ധ​ന​യി​ലൂ​ടെ​ ആകണം

Author : ന്യൂസ് ഡെസ്ക്

കശ്മീര്‍ പ്രശ്നപരിഹാരം സംബന്ധിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പരാമര്‍ശം തള്ളി പാകിസ്ഥാന്‍. പാകിസ്ഥാന്‍ മോഷ്ടിച്ച പ്രദേശങ്ങള്‍ തിരികെ നല്‍കിയാല്‍, കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രസ്താവനയെയാണ് പാക് വിദേശകാര്യ വക്താവ് ഷ​ഫ്ഖ​ത്ത് അ​ലി ഖാ​ൻ തള്ളിയത്. ജയശങ്കറിന്റെ പ്രസ്ഥാവന അടിസ്ഥാന രഹിതമാണ്. ഇത്തരം അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനുപകരം, 77 വര്‍ഷമായി കൈവശപ്പെടുത്തിയിരിക്കുന്ന കശ്മീരിന്റെ ഭാഗം ഇന്ത്യ ഒഴിയണമെന്നും ഷ​ഫ്ഖ​ത്ത് അ​ലി ഖാ​ൻ പറഞ്ഞു.

ജ​മ്മു -ക​ശ്മീ​രി​ന്റെ അ​ന്തി​മ പ​ദ​വി നി​ർ​ണ​യി​ക്കേ​ണ്ട​ത് സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ ജ​ന​ഹി​ത പ​രി​ശോ​ധ​ന​യി​ലൂ​ടെ​ ആകണമെന്നാണ് ഐ​ക്യ​രാ​ഷ്ട്ര ​സ​ഭ സു​ര​ക്ഷാ കൗ​ൺ​സി​ൽ പ്ര​മേ​യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നത്. ഇന്ത്യയുടെ മുൻവിധികൾക്ക് ഈ യാഥാർഥ്യത്തെ മാറ്റാൻ കഴിയില്ല. ഇന്ത്യൻ ഭരണഘടന പ്രകാരമുള്ള ഏതൊരു തെരഞ്ഞെടുപ്പ് പ്രക്രിയയും സ്വയം നിർണയാവകാശം നൽകുന്നതിന് പകരമാകില്ല. തോക്കിന്‍മുനയില്‍ നടത്തുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍കൊണ്ട് കശ്മീരി ജനതയുടെ പതിറ്റാണ്ടുകളായുള്ള പരാതികള്‍ക്ക് ഫലപ്രദമായ പരിഹാരം കാണാനാകില്ലെന്നും ഷ​ഫ്ഖ​ത്ത് അ​ലി ഖാ​ൻ കൂട്ടിച്ചേര്‍ത്തു.

ലണ്ടനിലെ ചേത്തം ഹൗസില്‍ 'ഇന്ത്യയുടെ ഉയർച്ചയും, ലോകത്തിലെ പങ്കും' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം. കശ്മീര്‍ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ച് സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യത്തിനാണ് ജയശങ്കർ മറുപടി നല്‍കിയത്. 'ആർട്ടിക്കിൾ 370 നീക്കുക എന്നത് ഒന്നാം ഘട്ടമായിരുന്നു. കശ്മീരിലെ വളർച്ചയും സാമ്പത്തിക പ്രവർത്തനങ്ങളും സാമൂഹിക നീതിയും പുനഃസ്ഥാപിക്കുക എന്നതായിരുന്നു രണ്ടാമത്തെ ഘട്ടം. ഉയർന്ന പോളിങ് ശതമാനത്തോടെ തെരഞ്ഞെടുപ്പ് നടത്തുക എന്നതായിരുന്നു മൂന്നാം ഘട്ടം. പാകിസ്ഥാന്‍ അന്യായമായി കൈവശപ്പെടുത്തിയ, കശ്മീരിന്റെ മോഷ്ടിച്ച ഭാഗങ്ങള്‍ തിരികെ ലഭിക്കുന്നതിനായാണ് നാം കാത്തിരിക്കുന്നത്. അത് പൂര്‍ത്തിയാകുമ്പോള്‍, കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു' -എന്നായിരുന്നു ജയശങ്കറിന്റെ മറുപടി.

യുഎസിലെ ട്രംപ് ഭരണകൂടത്തെക്കുറിച്ചും, പുതിയ താരിഫുകളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ട്രംപ് ഭരണകൂടം ഇന്ത്യയുടെ താല്പര്യങ്ങള്‍ക്ക് അനുയോജ്യമാകുന്ന തരത്തില്‍ ബഹുധ്രുവതയിലേക്കാണ് നീങ്ങുന്നത്. ഒരു ദ്വികക്ഷി വ്യാപാര കരാറിന്റെ ആവശ്യകത ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. ട്രംപിന്റെ കാഴ്ചപ്പാടില്‍, നമുക്കുള്ള ഏറ്റവും വലിയ പങ്കാളിത്ത സംരംഭം ക്വാഡ് ആണ്. എല്ലാവര്‍ക്കും അവരുടെ ന്യായമായ വിഹിതം ലഭ്യമാകുന്ന സംരംഭം. അതില്‍ ഫ്രീ റൈഡര്‍മാരില്ല. അതിനാല്‍ അതൊരു നല്ല പ്രവര്‍ത്തനമാതൃകയാണെന്നും ജയശങ്കര്‍ പറഞ്ഞു. യുഎസിനെയും ഇന്ത്യയെയും കൂടാതെ ഓസ്‌ട്രേലിയയും ജപ്പാനുമാണ് ക്വാഡ് പങ്കാളികള്‍.

ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ജയശങ്കര്‍ മറുപടി പറഞ്ഞു. ഇന്ത്യയുടെ താല്പര്യങ്ങള്‍ ബഹുമാനിക്കപ്പെടുന്ന തരത്തിലുള്ള സുസ്ഥിരമായൊരു ബന്ധം ചൈനയുമായി വേണമെന്നാണ് ആഗ്രഹം. അതിര്‍ത്തികളിലെ സമാധാനവും സ്ഥിരതയും ഇരുരാജ്യങ്ങളുടെയും വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT