NEWSROOM

ഇന്ത്യന്‍ കപ്പലുകള്‍ക്ക് പാകിസ്ഥാനിലും വിലക്ക്; നടപടി ഇന്ത്യയുടെ നിരോധനത്തിനു പിന്നാലെ

പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിയും പാക് കപ്പലുകള്‍ക്ക് വിലക്കും തപാല്‍ ഇടപാടുകളുമാണ് കഴിഞ്ഞ ദിവസം ഇന്ത്യ അവസാനിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

പാകിസ്ഥാനില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ, ഇന്ത്യന്‍ കപ്പലുകളെ സ്വന്തം തുറമുഖങ്ങളില്‍ നിന്ന് പാകിസ്ഥാനും വിലക്കി. കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് പാകിസ്ഥാനും വിലക്കേര്‍പ്പെടുത്തിയത്.


പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിയും പാക് കപ്പലുകള്‍ക്ക് വിലക്കും തപാല്‍ ഇടപാടുകളുമാണ് കഴിഞ്ഞ ദിവസം ഇന്ത്യ അവസാനിപ്പിച്ചത്. തുടര്‍ന്നാണ് പാകിസ്ഥാന്റെ നടപടി. ഇന്ത്യന്‍ കപ്പലുകള്‍ പാക് തുറമുഖങ്ങളിലേക്ക് പ്രവേശിക്കരുതെന്നും പാകിസ്ഥാന്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക് പോകില്ലെന്നുമാണ് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്ഥാന്‍ സമുദ്രകാര്യ മന്ത്രാലയത്തിലെ തുറമുഖ, ഷിപ്പിംഗ് വിഭാഗമാണ് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായതിനു പിന്നാലെയാണ് ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളായത്. ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആരോപണം. തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായത്. ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള ഏക വ്യാപാര പാതയായ വാഗ-അട്ടാരി അതിര്‍ത്തി അടച്ചിരുന്നു.

ഇതിനു പിന്നാലെയാണ് സമ്പൂര്‍ണ ഇറക്കുമതി നിരോധനം ഇന്ത്യ ഏര്‍പ്പെടുത്തിയത്. പാകിസ്ഥാന്‍ ഉത്പാദിപ്പിക്കുന്നതോ, കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ ചരക്കുകള്‍ക്കുമാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. 2019ലെ പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ, പാകിസ്ഥാനില്‍ നിന്നുള്ള ചരക്കുകള്‍ക്ക് 200 ശതമാനം തീരുവ ചുമത്തിയിരുന്നു. അതിനുശേഷം ആദ്യമായാണ് ഇന്ത്യ ഇത്തരത്തില്‍ കടുത്ത നടപടി സ്വീകരിക്കുന്നത്.

ഇറക്കുമതി നിരോധനത്തിനു പിന്നാലെ, പാക് കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. പാക് പതാകയുള്ള കപ്പലുകള്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനും, ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ പാക് തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനുമാണ് നിരോധനം. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ നിരോധനം തുടരുമെന്നും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ പറയുന്നു.

SCROLL FOR NEXT