NEWSROOM

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് യുഎഇയിൽ നടക്കില്ലെന്ന് സൂചന; പിസിബിക്ക് വൻ തിരിച്ചടി

ടൂര്‍ണമെന്റിന്റെ നടത്തിപ്പിനെ ചൊല്ലി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് സുരക്ഷാ ആശങ്കകള്‍ അറിയിച്ചിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

Author : ന്യൂസ് ഡെസ്ക്


പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് യുഎഇയിൽ വെച്ച് നടത്തുമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ നീക്കങ്ങൾക്ക് തിരിച്ചടി. പിസിബിയുടെ അപേക്ഷ യുഎഇ നിരസിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ടൂര്‍ണമെന്റിന്റെ നടത്തിപ്പിനെ ചൊല്ലി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് സുരക്ഷാ ആശങ്കകള്‍ അറിയിച്ചിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പിഎസ്എല്ലിന് വേദിയാകാന്‍ യുഎഇ തയ്യാറാകാതിരുന്നാല്‍ അത് പിസിബിക്ക് വലിയ തിരിച്ചടിയാകും.



കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിസിസിഐ യുമായി അടുത്ത ബന്ധമാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിനുള്ളത്. ഐപിഎല്‍ മത്സരങ്ങളും ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങളും യുഎഇയില്‍ നടന്നിട്ടുണ്ട്. ഈ ഘട്ടത്തില്‍ പിഎസ്എല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് വേദിയാകാന്‍ യുഎഇ തയ്യാറായേക്കില്ല.



ഇന്ത്യ-പാക് സംഘര്‍ഷം തുടരവെ പിഎസ്എൽ പോലുള്ള ടൂര്‍ണമെന്റിന് വേദിയാകുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്ന ആശങ്കയും യുഎഇ ബോര്‍ഡിനുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. വിദേശ താരങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് വേദി മാറ്റാനുള്ള തീരുമാനമെടുത്തതെന്നാണ് പിസിബി നേരത്തേ അറിയിച്ചിരുന്നത്.

നേരത്തേ റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഒരു ഭാഗം ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പെഷവാര്‍ സാല്‍മി-കറാച്ചി കിംഗ്‌സ് മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു സംഭവം. ആക്രമണത്തില്‍ സ്റ്റേഡിയം തകര്‍ന്നതായി പിസിബി ചെയര്‍മാന്‍ മുഹ്സിന്‍ നഖ്വി പറഞ്ഞിരുന്നു. പിന്നാലെ മത്സരം റദ്ദാക്കുകയായിരുന്നു.

SCROLL FOR NEXT