NEWSROOM

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം; ഇന്ത്യക്ക് കത്തെഴുതി പാകിസ്ഥാൻ

സിന്ധു നദീജലം ലഭിക്കാതിരുന്നാൽ പാകിസ്ഥാനിൽ രൂക്ഷമായ വരൾച്ചയ്ക്ക് സമാനമായ സാഹചര്യമുണ്ടാകുമെന്ന ആശങ്ക പ്രകടിപ്പിച്ചാണ് കത്തെഴുതിയതെന്നാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

സിന്ധു നദീജല കരാർ സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യയോട് അഭ്യർഥനയുമായി പാകിസ്ഥാൻ. ഇത് സംബന്ധിച്ച് പാകിസ്ഥാൻ ഇന്ത്യക്ക് കത്തെഴുതി. പാകിസ്ഥാൻ ജലവിഭവ മന്ത്രാലയ സെക്രട്ടറി സയിദ് അലി മുർത്താസ ഇന്ത്യൻ ജലശക്തി മന്ത്രാലയ സെക്രട്ടറിക്കാണ് കത്തയച്ചത്.

സിന്ധു നദീജലം ലഭിക്കാതിരുന്നാൽ പാകിസ്ഥാനിൽ രൂക്ഷമായ വരൾച്ചയ്ക്ക് സമാനമായ സാഹചര്യമുണ്ടാകുമെന്ന ആശങ്ക പ്രകടിപ്പിച്ചാണ് പാകിസ്ഥാൻ ജലവിഭവ മന്ത്രാലയം ഇന്ത്യയുടെ ജലശക്തി മന്ത്രാലയത്തിന് കത്തെഴുതിയതെന്നാണ് റിപ്പോർട്ട്. തന്ത്രപ്രധാനമായ ഈ വിഷയത്തിൽ ചർച്ചകൾ നടത്താനുള്ള പാകിസ്ഥാൻ സന്നദ്ധത കത്തിൽ അറിയിച്ചതായി റിപ്പോർട്ടുണ്ട്.

അതേസമയം, ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു. സിന്ധു നദീജലത്തിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിൻ്റെ അചഞ്ചലമായ നിലപാടിന് അടിവരയിട്ട് “രക്തവും വെള്ളവും ഒരുമിച്ച് ഒഴുകാൻ കഴിയില്ല” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ഉറപ്പിച്ച് പറഞ്ഞിരുന്നു.

പാക് അതിർത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാൻ്റെ പിടിയിലായ ബിഎസ്എഫ് ജവാനെ ഇന്ന് മോചിപ്പിച്ചിരുന്നു. പഞ്ചാബിലെ ഫിറോസ്‌ബാദ് അതിർത്തിയിൽ വെച്ചായിരുന്നു പൂർണം കുമാർ ഷാ പാകിസ്ഥാൻ്റെ പിടിയിലാകുന്നത്. ഇന്ന് ഏകദേശം 10.30 ഓടെയാണ് അട്ടാരി അതിർത്തിയിലൂടെയാണ് ജവാനെ കൈമാറിയത്. കൈമാറ്റം സമാധാനപരമായും സ്ഥാപിതമായ പ്രോട്ടോക്കോളുകൾ അനുസരിച്ചും നടന്നുവെന്ന് ബിഎസ്എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

SCROLL FOR NEXT