NEWSROOM

ശർമ്മ എന്ന പേരും രേഖകളും വ്യാജം; പത്ത് വർഷമായി ഇന്ത്യയിൽ ജീവിച്ച പാകിസ്ഥാനി കുടുംബം ബെംഗളൂരുവിൽ അറസ്റ്റിൽ

2014ൽ ഡൽഹിയിലെത്തിയ കുടുംബം, പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

പത്ത് വർഷത്തോളം ശർമ്മ എന്ന വ്യാജ പേരും, രേഖകളും ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ച പാകിസ്ഥാനി സ്വദേശിയും കുടുംബവും ബെംഗളൂരുവിൽ അറസ്റ്റിൽ. റാഷിഖ് അലി സിദ്ദിഖി (48), ഭാര്യ അയിഷ (38), മാതാപിതാക്കളായ റുബിന (61), ഹാനിഫ് മുഹമ്മദ് (73) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ നാല് പേരും ശങ്കർ ശർമ്മ, ആശ റാണി, രാം ബാബു ശർമ്മ, റാണി ശർമ്മ എന്നീ വ്യാജ പേരുകളിലാണ് ബെംഗളൂരുവിലെ രാജപുര ഗ്രാമത്തിൽ താമസിച്ചിരുന്നത്.

2014ൽ ഡൽഹിയിലെത്തിയ കുടുംബം, പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. ഇന്ത്യയിലെത്തും മുൻപ് ബംഗ്ലാദേശിലെ ധാക്കയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. പാകിസ്ഥാനി സ്വദേശിയുടെ ഭാര്യ ബംഗ്ലാദേശ് സ്വദേശിയാണെന്നും ഇവർ ധാക്കയിൽ വെച്ചാണ് വിവാഹിതരായതെന്നും പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ബെംഗളൂരുവിലെ ജിഗാനിയിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കുടുംബത്തിലെ നാല് പേരും വ്യാജരേഖ ചമച്ച് അനധികൃതമായി ഇവിടെ താമസിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും, സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT