ഖ്വാജ മുഹമ്മദ് ആസിഫ് 
NEWSROOM

"30 വർഷമായി യുഎസിന് വേണ്ടി ഞങ്ങള്‍ 'വൃത്തികെട്ട ജോലി'  ചെയ്യുന്നു"; ഭീകരവാദ ഗ്രൂപ്പുകൾക്ക് പിന്തുണ നൽകിയതായി പാക് പ്രതിരോധ മന്ത്രി

ബ്രിട്ടൺ അടക്കം പടിഞ്ഞാറൻ രാജ്യങ്ങൾക്ക് വേണ്ടിയും ഭീകരതയ്ക്ക് പിന്തുണ നൽകിയെന്ന് ഖ്വാജ വെളിപ്പെടുത്തി

Author : ന്യൂസ് ഡെസ്ക്

ഭീകരവാദ ഗ്രൂപ്പുകൾക്ക് പിന്തുണ നൽകിയെന്ന് സമ്മതിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി. മുപ്പത് വർഷമായി പാകിസ്ഥാൻ യുഎസിന് വേണ്ടി 'വൃത്തികെട്ട ജോലി'  ചെയ്യുന്നുവെന്നായിരുന്നു പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ പ്രസ്താവന. ബ്രിട്ടൺ അടക്കം പടിഞ്ഞാറൻ രാജ്യങ്ങൾക്ക് വേണ്ടിയും ഭീകരതയ്ക്ക് പിന്തുണ നൽകിയെന്ന് ഖ്വാജ വെളിപ്പെടുത്തി. ബ്രിട്ടീഷ് വാർത്താ നെറ്റ്‌വർക്കായ സ്കൈ ന്യൂസിനോട് സംസാരിക്കുകയായിരുന്നു പാകിസ്ഥാൻ പ്രതിരോധ മന്ത്രി.

ഭീകര സംഘടനകൾക്ക് പരിശീലനവും ഫണ്ടിങ്ങും പിന്തുണയും നൽകുന്ന നീണ്ട ചരിത്രം പാകിസ്ഥാനുണ്ടെന്നത് സമ്മതിക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ മുപ്പത് കൊല്ലമായി യുഎസിന് വേണ്ടി 'വൃത്തികെട്ട ജോലികൾ' തങ്ങൾ ചെയ്യുകയാണെന്ന് ഖ്വാജ എം. ആസിഫ് പറഞ്ഞു. ഈ മറുപടിക്ക് പിന്നാലെ അത് തെറ്റായിപ്പോയിയെന്നും അത് കാരണം ഒരുപാട് അനുഭവിച്ചെന്നും ഖ്വാജ വ്യക്തമാക്കി. സോവിയറ്റ്-അഫ്ഗാൻ യുദ്ധത്തിലും 9/11 ന് ശേഷം താലിബാനെതിരെ യുഎസ് നയിച്ച യുദ്ധത്തിലും പടിഞ്ഞാറൻ രാഷ്ട്രങ്ങളുമായി ചേർന്നില്ലായിരുന്നെങ്കിൽ പാകിസ്ഥാന്റെ ട്രാക്ക് റെക്കോർഡ് "കുറ്റപ്പെടുത്താനാവാത്തത്" ആയിരിക്കുമായിരുന്നുവെന്നും ഖ്വാജ കൂട്ടിച്ചേർത്തു.

പ്രതിരോധമന്ത്രിയുടെ പ്രസ്താവനയെ സാധൂകരിക്കുന്ന തരത്തിലാണ് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദാർ രംഗത്തെത്തിയത്. പഹൽഗാം ആക്രമണത്തിന് പിന്നിലെ ഭീകരർ സ്വാതന്ത്ര്യസമര സേനാനികളാണെന്നാണ് ഇസ്ഹാഖ് ദാർ പറഞ്ഞത്.  അതേസമയം, പഹൽ​ഗാം ഭീകരാക്രമണത്തിൽ ഇന്ത്യയുടെ ആരോപണങ്ങളെ തള്ളി പാകിസ്ഥാൻ പ്രമേയം പാസാക്കി. പാകിസ്ഥാൻ സെനറ്റ് ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത്. പഹൽഗാം ഭീകരാക്രമണത്തെ പാകിസ്ഥാനുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നു. പാക് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഇന്ത്യ നീക്കം നടത്തുന്നുവെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് പ്രമേയം. 

28 പേരാണ് ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ലഷ്കർ ഇ ത്വയ്ബയുടെ പ്രാദേശിക വിഭാഗമായ ദി റസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടനയാണ് പഹൽ​ഗാമിലെ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ആക്രമണത്തിന്റെ ഉത്തരവാദികളായ ഭീകരർക്കായുള്ള തെരച്ചിലിലാണ് സൈന്യം.

SCROLL FOR NEXT