NEWSROOM

'പാകിസ്ഥാന്‍റെ ദുശ്ശാഠ്യം'; ജാഫർ എക്സ്‌പ്രസിലെ 214 ബന്ദികളെ കൊലപ്പെടുത്തിയെന്ന് ബിഎല്‍എ

മുഴുവന്‍ ബന്ദികളെയും രക്ഷപ്പെടുത്തിയെന്നായിരുന്നു പാകിസ്ഥാന്‍ പറഞ്ഞിരുന്നത്

Author : ന്യൂസ് ഡെസ്ക്

പാകിസ്ഥാനില്‍ ജാഫർ എക്സ്‌പ്രസ് റാഞ്ചിയ സംഭവത്തിൽ 214 ബന്ദികളെ കൊലപ്പെടുത്തിയെന്ന് ബലൂച് ലിബറേഷൻ ആർമി (ബിഎല്‍എ). പാകിസ്ഥാന്റെ ദുശ്ശാഠ്യമാണ് ബന്ദികളുടെ കൊലയിലേക്ക് നയിച്ചതെന്നാണ് ബിഎൽഎയുടെ പ്രസ്താവന. ബിഎൽഎ വക്താവ് ജീയന്ദ് ബലോചിന്റെ പേരിലാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. മുഴുവന്‍ ബന്ദികളെയും രക്ഷപ്പെടുത്തിയെന്നായിരുന്നു പാകിസ്ഥാൻ പറഞ്ഞിരുന്നത്.


"ബലൂച് ലിബറേഷൻ ആർമി പാകിസ്ഥാൻ സൈന്യത്തിന് യുദ്ധത്തടവുകാരെ കൈമാറാൻ 48 മണിക്കൂർ അന്ത്യശാസനം നൽകിയിരുന്നു. ഇത് അധിനിവേശ സൈന്യത്തിന് തങ്ങളുടെ ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിക്കാനുള്ള അവസാന അവസരമായിരുന്നു. എന്നിരുന്നാലും, പാകിസ്ഥാൻ പരമ്പരാഗത ശാഠ്യവും സൈനിക ധാർഷ്ട്യവും പ്രകടിപ്പിച്ചുകൊണ്ട് ഗൗരവമേറിയ ചർച്ചകൾ ഒഴിവാക്കുക മാത്രമല്ല, അടിസ്ഥാന യാഥാർഥ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്തു. ഈ ശാഠ്യത്തിന്റെ ഫലമായി 214 ബന്ദികളെ വധിച്ചു”- ബിഎല്‍എ പ്രസ്താവനയിൽ പറയുന്നു. അന്താരാഷ്ട്ര നിയമം പാലിച്ചാണ് മുന്നോട്ട് പോയതെന്നും പാകിസ്ഥാന്റെ പിടിവാശിയാണ് ബന്ദികളെ കൊല്ലാൻ കാരണമായതെന്നും ബിഎൽഎ കൂട്ടിച്ചേർത്തു.

എന്നാൽ ഈ അവകാശവാദത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും ബലൂച് ലിബറേഷൻ ആർമി പുറത്തുവിട്ടിട്ടില്ല. സൈനികർ 33 തീവ്രവാദികളെ വധിക്കുകയും 354 ബന്ദികളെ മോചിപ്പിക്കുകയും ചെയ്തുവെന്നാണ് പാകിസ്ഥാൻ സൈന്യത്തിന്റെ വക്താവ് അഹമ്മദ് ഷെരീഫ് ചൗധരി പറയുന്നത്. ബിഎൽഎയുടെ കൈയിൽ ഇനിയും ബന്ദികൾ അവശേഷിക്കുന്നുവെന്നതിന് തെളിവില്ലെന്നും അഹമ്മദ് ഷെരീഫ് പറഞ്ഞിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ബിഎൽഎ റാഞ്ചിയത്. ഒമ്പത് ബോഗികളിലായി 400 ഓളം യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ട്രെയിനിന് നേരെ വെടിവെപ്പ് നടന്നതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു ആക്രമണം നടന്ന വിവരം ഉടനടി പാകിസ്ഥാൻ അധികൃതർ പുറത്തുവിട്ടില്ല. പ്രദേശത്ത് പാക് സൈന്യവും ഭീകരരും തമ്മിൽ ആക്രമണം ഉണ്ടായ ശേഷമാണ് സ്ഥിരീകരണവുമായി അധികൃതർ രംഗത്തെത്തിയത്. ബന്ദികളിൽ പാകിസ്ഥാൻ മിലിട്ടറി, ആൻ്റി ടെററിസം ഫോഴ്സ് (എടിഎഫ്), ഇൻ്റർ സർവീസ് ഇൻ്റലിജൻസ് (ഐഎസ്ഐ) ഉദ്യോ​ഗസ്ഥരുമുണ്ടായിരുന്നു. ബിഎൽഎയുടെ ഫിദായീൻ യൂണിറ്റായ മജീദ് ബ്രി​ഗേഡാണ് ട്രെയിൻ അട്ടിമറി നടത്തിയത്. ബിഎൽഎയുടെ ഇൻ്റലിജൻസ് വിങ്ങായ സിറാബ്, ഫതേ സ്ക്വാഡ് എന്നിവയുടെ പിന്തുണ ആക്രമണത്തിന് ലഭിച്ചിരുന്നു.

2000 മുതൽ അഫ്​ഗാനിസ്ഥാനിലെ ബലൂചിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ബലൂച് ലിബറേഷൻ ആ‍ർമി. ബലൂചിസ്ഥാൻ്റെ സ്വാതന്ത്ര്യം എന്ന ആവശ്യം ഉന്നയിച്ചാണ് ഈ സായുധ സംഘടന പ്രവർത്തിക്കുന്നത്.

SCROLL FOR NEXT