NEWSROOM

സരിന്‍ കോണ്‍ഗ്രസ് വിടുമോ? പോകുന്നവര്‍ പോകട്ടെയെന്ന് കെ. സുധാകരന്‍

"ഇന്നലെ വരെ സിപിഎമ്മിനെ കൊത്തിവലിച്ച നാവാണ് സരിന്റേത്, ആ നാവാണ് ഇന്ന് സിപിഎം കടമെടുക്കുന്നത്"

Author : ന്യൂസ് ഡെസ്ക്

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന പി. സരിന്‍ ഇന്ന് പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന. ഇന്ന് 11.45 ന് പാലക്കാട് സരിന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. രാഹുലിനെതിരെ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കാനാണ് സരിന്റെ തീരുമാനം.

സരിന്റെ കാര്യം തീരുമാനിക്കുന്നത് സരിന്‍ ആണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനും വ്യക്തമാക്കി. പോകുന്നവര്‍ പോകട്ടെ, ആരെയും പിടിച്ചുകെട്ടി നിര്‍ത്താന്‍ പറ്റില്ലെന്നാണ് സുധാകരന്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. സരിന്‍ പോകരുതെന്നാണ് ആഗ്രഹമെന്നും സുധാകരന്‍ പറഞ്ഞു. ഇതോടെ സരിന്റെ വഴി കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്കാണെന്ന് ഏതാണ്ട് ഉറപ്പായി.

സരിന്‍ പോകരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം. ആ കാര്യം സരിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സരിന്‍ നടത്തിയ പത്രസമ്മേളനത്തില്‍ പാര്‍ട്ടി വിരുദ്ധത ഉണ്ടോ എന്ന് പരിശോധിക്കും. ഉണ്ടെങ്കില്‍ നടപടിയെടുക്കും. പക്ഷേ, വിട്ടുപോകുന്ന ആള്‍ക്കെതിരെ നടപടി എടുത്തിട്ട് കാര്യമില്ലല്ലോ എന്നും സുധാകരന്‍ പറഞ്ഞു.


സരിന് പോയെ മതിയാകൂ എന്ന് പറഞ്ഞാല്‍ എന്ത് പറയാനാണ്. ആരും അദ്ദേഹത്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എല്ലാവരേയും സ്ഥാനാര്‍ഥിയാക്കാന്‍ പറ്റില്ല. രാഹുല്‍ കോണ്‍ഗ്രസിന്റെ നോമിനിയാണ്. ഇന്നലെ വരെ സിപിഎമ്മിനെ കൊത്തിവലിച്ച നാവാണ് സരിന്റേത്, ആ നാവാണ് ഇന്ന് സിപിഎം കടമെടുക്കുന്നത്. സരിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം സിപിഎമ്മിന്റെ ഗതികേടാണെന്നും സുധാകരന്‍ പറഞ്ഞു.

പാലക്കാട്ടെ വിജയം ആരേയും ആശ്രയിച്ചല്ല, ജനങ്ങളെ ആശ്രയിച്ചാണ്. നേതാക്കള്‍ക്ക് അതില്‍ സ്വാധീനം ചെലുത്താനാകില്ല. ഈ പാര്‍ട്ടിയുടെ പ്രത്യേകത അതാണ്. രാഹുലിന് സ്ഥാനാര്‍ഥിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, ഇടത് സ്വതന്ത്രനായി സരിന്‍ പാലക്കാട് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ സരിനെ പിന്തുണച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവും രംഗത്തെത്തി. സരിനെ പോലെ വിദ്യാസമ്പന്നനെ കിട്ടുന്നത് ഗുണം ചെയ്യുമെന്ന് സുരേഷ് ബാബു പ്രതികരിച്ചു. നിലവില്‍ സരിനുമായി ചര്‍ച്ച നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ നിലപാട് പരിശോധിക്കും. എല്‍ഡിഎഫിന് ഗുണമാണെങ്കില്‍ മുന്നോട്ടു പോകും.

തെരഞ്ഞെടുപ്പ് സാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണ്. എല്ലാ സാധ്യകളേയും ഉപയോഗിക്കാനാണ് തീരുമാനം. നിരവധി കോണ്‍ഗ്രസുകാര്‍ സിപിഎമ്മില്‍ വന്നിട്ടുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു.

SCROLL FOR NEXT