NEWSROOM

തോറ്റു... പക്ഷേ, പിന്നോട്ടില്ല; നയം വ്യക്തമാക്കി കൃഷ്ണകുമാറും സരിനും

രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്  39,243 വോട്ടുകളും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പി. സരിന് 37,046 വോട്ടുകളുമാണ്  ലഭിച്ചത്

Author : ന്യൂസ് ഡെസ്ക്

കേരളം ഉറ്റുനോക്കിയ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിനു പിന്നാലെ, പ്രതികരണവുമായി എതിര്‍ സ്ഥാനാര്‍ഥികളായ സി. കൃഷ്ണകുമാറും പി. സരിനും. പാലക്കാട് ഒന്നാം സ്ഥാനത്തെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് 57,912 വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്  39,243 വോട്ടുകളും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പി. സരിന് 37,046 വോട്ടുകളുമാണ്  ലഭിച്ചത്.

പാലക്കാട്ടെ തോല്‍വിയെ കുറിച്ച് വിശദമായി പഠിക്കുമെന്ന് സി. കൃഷ്ണകുമാര്‍ പ്രതികരിച്ചു. തിരിച്ചുവരവ് സാധ്യമല്ലാത്ത മണ്ഡലമല്ല പാലക്കാട്. ആത്മപരിശോധനയ്ക്കുള്ള വേദിയായി ഇതിനെ കാണും. തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.


മണ്ഡലത്തില്‍ ബിജെപി അടിസ്ഥാന വോട്ടുകള്‍ നിലനിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. ജനകീയ അടിത്തറ വിപുലീകരിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കും. മൂന്ന് തവണ യുഡിഎഫ് ജയിച്ച മണ്ഡലമാണ് പാലക്കാട്. ഇ. ശ്രീധരന് കിട്ടിയത് രാഷ്ട്രീയത്തിന് അതീതമായ വോട്ട്. അദ്ദേഹത്തിന് കിട്ടിയ വോട്ട് കിട്ടണം എന്നില്ല.

വാര്യര്‍ എഫക്ടോ, സന്ദീപ് എഫക്ടോ ഉണ്ടായിട്ടില്ല. സന്ദീപ് വാര്യര്‍ തന്റെ വാര്‍ഡില്‍ വേണമെങ്കിലും വന്നു മത്സരിക്കട്ടേയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ചാനലുകളില്‍ കൂടി വളര്‍ന്നയാളല്ല താന്‍, എല്ലാ ശക്തികളും തന്നെ തോല്‍പ്പിക്കാനായി ഒന്നിച്ചു. മുന്‍ എംഎല്‍എ ന്യൂനപക്ഷ സമുദായ വീടുകളില്‍ വര്‍ഗീയ പ്രചരണം നടത്തി. കൃഷ്ണകുമാര്‍ വിജയിച്ചാല്‍ കലാപം ഉണ്ടാകുമെന്നുവരെ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, ഇടതുപക്ഷത്തിന് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചായിരുന്നു പി. സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരളം ഭരിക്കുന്നത് ഇടത് മുന്നണിയാണ്. പാലക്കാടിന്റെ വികസനം സര്‍ക്കാരിന്റെ മുഖ്യ അജണ്ടയായി തന്നെ തുടരും. അതിനായി പ്രവര്‍ത്തിക്കാന്‍ ജനങ്ങളുടെ ഇടയില്‍ താനുമുണ്ടാകുമെന്നും സരിന്‍ പറഞ്ഞു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ഒരു മാസം കൊണ്ട് എന്നെ അറിയാനും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും ഹൃദയം കൊണ്ട് നന്ദി പറയുകയാണ്.
ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും ഇടത് പക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
കേരളം ഭരിക്കുന്നത് ഇടത് മുന്നണിയാണ്. പാലക്കാടിന്റെ വികസനം സര്‍ക്കാരിന്റെ മുഖ്യ അജണ്ടയായി തന്നെ തുടരും. അതിനായി പ്രവര്‍ത്തിക്കാന്‍ ജനങ്ങളുടെ ഇടയില്‍ തന്നെ ഞാനുണ്ടാവും.
സസ്‌നേഹം,
ഡോ. സരിന്‍

SCROLL FOR NEXT