പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്ത്. പാലക്കാട്ടെ ശോഭ സുരേന്ദ്രന്‍ അനുകൂല പക്ഷമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് കത്തയച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഇവര്‍ കത്ത് നല്‍കിയിട്ടുണ്ട്.
ശോഭ മത്സരിച്ചാൽ ഈഴവ വോട്ടുകൾ ലഭിക്കുമെന്നാണ് ഇവരുടെ വാദം. പാലക്കാട് സ്ഥാനാര്‍ഥിയാകാന്‍ പ്രഥമ പരിഗണനയിലുള്ള ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്. കൃഷ്ണകുമാർ അഴിമതിക്കാരനാണെന്നും പണമുണ്ടാക്കാനാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും കത്തിൽ പരാമർശമുണ്ട്. നേരത്തെ ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിക്കാന്‍ സ്വാഗതം ചെയ്തുള്ള ശോഭ അനുകൂലികളുടെ ഫ്ലക്സ് ബോര്‍ഡുകള്‍ പാലക്കാട് നഗരത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെയുള്ള ക്രോസ് വോട്ട് ഇത്തവണ മറിക്കാൻ കഴിയുമെന്ന് സി.കൃഷ്ണകുമാര്‍ പറഞ്ഞു. പാലക്കാട് നഗരസഭക്ക് പുറമെ പഞ്ചായത്തുകളിലും അടിത്തറ വിപുലപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാർത്ഥിയെ ചൊല്ലി പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും സി. കൃഷ്ണകുമാർ പറഞ്ഞു.