സി. കൃഷ്ണകുമാറിനെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ പാർട്ടിക്കുള്ളിലെ ഭിന്നതകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ശോഭാ സുരേന്ദ്രന് പരസ്യ പിന്തുണയുമായി ഇറങ്ങിയ ദേശീയ കൗൺസിൽ അംഗം ശിവരാജനെ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ നേരിട്ടാണ് അനുനയിപ്പിക്കാന്‍ ശ്രമിച്ചത്. വരും ദിവസങ്ങളിൽ ഭിന്നിച്ച് നിൽക്കുന്ന മറ്റ് നേതാക്കളെയും സഹകരിപ്പിക്കാൻ ശ്രമം നടത്തും.
സി. കൃഷ്ണകുമാറിനോട് വിയോജിപ്പും എതിർപ്പുമുള്ള നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. പാലക്കാട് നഗരസഭയ്ക്കുള്ളില്‍ എതിർപ്പുള്ളവരാണ് കൂടുതലും. ഇതിൽ നേതാക്കൾ മുതൽ പ്രവർത്തകർ വരെയുണ്ട്. ഇവരെയെല്ലാം നേരിൽ കണ്ട്, പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. ആർഎസ്എസും ഇടപെടൽ ആരംഭിച്ചു.
ഇത്തവണ പാലക്കാട് പിടിച്ചെടുക്കാൻ, മികച്ച അവസരമാണ് ലഭിച്ചിട്ടുള്ളതെന്നും അത് ഗ്രൂപ്പ് കളിയിലൂടെ ഇല്ലാതാക്കരുതെന്നും ദേശീയ - സംസ്ഥാന നേതാക്കൾ പറയുന്നു. ഇതിന് പുറമെ ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാത്തതിലും പ്രതിഷേധമുണ്ട്. മണ്ഡലത്തിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായം ഗ്രൂപ്പ് താല്പര്യം എന്ന നിലയിൽ തള്ളിക്കളയുന്നു എന്നാണ് പരാതി. എന്നാൽ, ശോഭ സുരേന്ദ്രനെ തന്നെ പ്രചരണത്തിന് എത്തിച്ച് പ്രശ്നം പരിഹരിക്കാനാണ് നേതാക്കളുടെ ശ്രമം. അതേസമയം ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ റോഡ് ഷോ ഉൾപ്പടെ നടത്തി പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങുകയാണ് ബിജെപി.