NEWSROOM

ട്രോളി വിവാദത്തില്‍ നേതൃത്വത്തെ വെട്ടിലാക്കി എന്‍.എന്‍. കൃഷ്ണദാസ്; തള്ളി ജില്ലാ നേതൃത്വം

Author : ന്യൂസ് ഡെസ്ക്

പാലക്കാട്ടെ ട്രോളിബാഗ് വിവാദത്തില്‍ സിപിഎം നേതൃത്വത്തെ വെട്ടിലാക്കി സിപിഎം സംസ്ഥാന സമിതിയംഗം എന്‍.എന്‍. കൃഷ്ണദാസ്. മഞ്ഞപെട്ടിയും നീലപെട്ടിയും വലിച്ചെറിയണമെന്നും ജനകീയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും പറഞ്ഞാണ് കൃഷ്ണദാസ് ഭിന്നത തുറന്ന് പറഞ്ഞത്. ട്രോളിബാഗ് വിവാദത്തില്‍ സിപിഎം സംസ്ഥാന - ജില്ലാ നേതൃത്വം ആരോപണങ്ങള്‍ ശക്തമാക്കുമ്പോഴാണ് പാര്‍ട്ടിയെ വെട്ടിലാക്കി കൃഷ്ണദാസ് രംഗത്ത് വന്നത്.

ട്രോളി ബാഗ് വിവാദത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട സിപിഎം കേന്ദ്രങ്ങള്‍, കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ കടുപ്പിക്കുമ്പോഴാണ് നേതൃത്വത്തെ ഒന്നാകെ വെട്ടിലാക്കി കൃഷ്ണദാസ് ഭിന്നത തുറന്ന് പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമെല്ലാം ഇക്കാര്യം ആവര്‍ത്തിച്ച് പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അതെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട് എന്നായിരുന്നു പ്രതികരണം.

പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും എല്ലാവരും പറയുന്നത് ഒരേ കാര്യങ്ങളാണെന്നും പിന്നീട് കൃഷ്ണദാസ് വിശദീകരിച്ചു. തെരഞ്ഞെടുപ്പിലെ പ്രധാന ഫോക്കസ് പെട്ടി ആക്കരുതെന്നാണ് പറഞ്ഞതെന്നും രാഷ്ട്രീയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്. പാര്‍ട്ടിയുടെ നയം ഒരു വ്യക്തി പറയുന്നതല്ല, നയം മാറ്റാന്‍ ജനറല്‍ സെക്രട്ടറിക്കു പോലും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൃഷ്ണദാസിനെ തളളി സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവും രംഗത്തെത്തി. കള്ളപ്പണം പാലക്കാട് എത്തിയെന്നതാണ് വസ്തുതയെന്നും സമഗ്ര അന്വേഷണം വേണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

കൃഷ്ണദാസ് ഭിന്നത തുറന്ന് പറഞ്ഞത് സിപിഎം നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ നാളുകളായി ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവുമായുള്ള ശീതസമരമാണ് പൊട്ടിത്തെറിക്ക് കാരണം. കൃഷ്ണദാസ് ഭിന്നത തുറന്ന് പറഞ്ഞതോടെ പ്രശ്‌നത്തില്‍ വിശദീകരിച്ച് മടുത്ത യുഡിഎഫ് നേതൃത്വത്തിനും ആശ്വാസമായി.

SCROLL FOR NEXT