NEWSROOM

മധുരം പങ്കുവെച്ചും പടക്കം പൊട്ടിച്ചും പാലക്കാട് ദീപാവലി ആഘോഷം കളറാക്കി സ്ഥാനാർഥികൾ

ദീപാവലി ദിനം തന്നെ ചിഹ്നം ലഭിച്ച ആവേശത്തിലായിരുന്നു എൽഡിഎഫ് പ്രവർത്തകർ

Author : ന്യൂസ് ഡെസ്ക്


തെരഞ്ഞെടുപ്പ് പ്രചരണച്ചൂടിനിടെ പാലക്കാട്ടെ ദീപാവലി ആഘോഷത്തിൽ പങ്കുചേർന്ന് സ്ഥാനാർഥികളും. പ്രവർത്തകർക്കും വോട്ടർമാർക്കും ഒപ്പം മധുരം പങ്കുവെച്ചും, പടക്കം പൊട്ടിച്ചുമാണ് സ്ഥാനാർഥികൾ ദീപാവലി കളർ ആക്കിയത്. ദീപാവലി ദിനം തന്നെ ചിഹ്നം ലഭിച്ച ആവേശത്തിലായിരുന്നു എൽഡിഎഫ് പ്രവർത്തകർ. യാക്കരയിൽ പാർട്ടി പ്രവർത്തകർ ഒരുക്കിയ ദീപാവലി ആഘോഷത്തിലേക്ക് സരിനും എത്തി. കമ്പിത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും മധുരം നൽകിയും സ്ഥാനാർഥിയെ വരവേൽക്കാൻ കൊച്ചുകുട്ടികളുമുണ്ടായിരുന്നു. ആഘോഷവേളയിൽ പുതിയ ചിഹ്നത്തെ സരിൻ പരിചയപ്പെടുത്തുകയും ചെയ്തു.

അയ്യപുരത്ത് നടന്ന സ്വീകരണത്തിനിടെ മധുരം വിതരണം ചെയ്തതായിരുന്നു ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായത്. വികസന മുരടിപ്പെന്ന ഇരുട്ടിൽ നിന്ന് വികസനത്തിൻ്റെ വെളിച്ചത്തിലേക്കുള്ള വരവാകും ഈ തെരഞ്ഞെടുപ്പെന്ന് കൃഷ്ണകുമാർ വോട്ടർമാരോട് പറഞ്ഞു.

രാമനാഥപുരത്തെ അഗ്രഹാരങ്ങളിലായിരുന്നു യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ആഘോഷം. ഒപ്പം ഷാഫി പറമ്പിൽ എംപിയും അഗ്രഹാരങ്ങളിലെത്തി. മധുരം നുകർന്നും, വിതരണം ചെയ്തും, പടക്കം പൊട്ടിച്ചും ഗ്രാമവാസികൾ ദീപാവലി ആഘോഷമാക്കി. പാലക്കട്ടെ ദീപാവലിയെക്കുറിച്ചും വിജയപ്രതീക്ഷയെക്കുറിച്ചും രാഹുൽ പറഞ്ഞു. പിരിമുറുക്കം നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കിടെ ലഭിച്ച ആഘോഷരാവായിരുന്നു മൂന്ന് സ്ഥാനാർഥികൾക്കും, പ്രവർത്തകർക്കും ഈ ദീപാവലി.

SCROLL FOR NEXT