NEWSROOM

ട്രോളി ബാഗ് വിവാദത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല, കോൺഗ്രസ് നേതാക്കളെ കുറുവാ സംഘത്തെ പോലെ ചോദ്യം ചെയ്യാനാകില്ലല്ലോ: ഇ.എൻ. സുരേഷ് ബാബു

കേസ് അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും തുടരന്വേഷണം ആവശ്യപ്പെടുന്നത് പിന്നീട് ആലോചിക്കുമെന്നും സുരേഷ് ബാബു വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്


പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഏറെ ചർച്ചയായ ട്രോളി ബാഗ് വിവാദത്തിലെ ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഎം. ട്രോളി ബാഗിൽ കള്ളപ്പണം കടത്തിയെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. കേസ് അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും തുടരന്വേഷണം ആവശ്യപ്പെടുന്നത് പിന്നീട് ആലോചിക്കുമെന്നും സുരേഷ് ബാബു വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബാഗിൽ പണം കൊണ്ടുവന്നു എന്നതിന് തെളിവില്ലെന്നും തുടർ നടപടി വേണ്ടെന്നും വ്യക്തമാക്കി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പാലക്കാട് എസ്‌പിയ്ക്ക് റിപ്പോർട്ട് നൽകിയത്. എന്നാൽ കോൺഗ്രസ് നേതാക്കളെ കുറുവാ സംഘത്തെ പോലെ ചോദ്യം ചെയ്യാനാകില്ലല്ലോ എന്നായിരുന്നു ഇ.എൻ. സുരേഷ് ബാബുവിൻ്റെ പ്രതികരണം. പൊലീസിന് വിഷയത്തിൽ വീഴ്ച പറ്റിയിട്ടില്ല. പൊലീസ് എത്തുമ്പോഴേക്കും കോൺഗ്രസ് നേതാക്കൾ പണം മാറ്റിയിട്ടുണ്ടാകുമെന്നാണ് ജില്ലാ സെക്രട്ടറിയുടെ വാദം. 

ട്രോളി ബാഗ് വിവാദം ഉപതിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയമാക്കിയതിൽ സിപിഎമ്മിനകത്ത് തന്നെ ഭിന്നത രൂക്ഷമായിരുന്നു. എന്നാൽ ട്രോളി ബാഗ് വിവാദം പ്രചരണ വിഷയമാക്കിയതിൽ വീഴ്ച പറ്റിയിട്ടില്ലെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.


നവംബർ 5 നാണ് തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് ഏറെ ചർച്ചാ വിഷയമായ പാതിരാ റെയ്‌ഡ് നടക്കുന്നത്. ഇതിനെ തുടർന്ന് ഉയർന്നുവന്ന ട്രോളി ബാഗ് വിവാദത്തിൽ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവാണ് ബാഗിൽ കളള പണമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് എസ്‌പിക്ക് പരാതി നൽകിയത്. അന്വേഷണത്തിൽ തെളിവില്ലെന്ന് കണ്ടെത്തിയതോടെ സിപിഎം പ്രതിരോധത്തിലായിരുന്നു.



അതേസമയം അന്വേഷണത്തിൽ തെളിവില്ലെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ടെങ്കിലും, പെട്ടി അടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മാനനഷ്ട കേസ് കൊടുക്കുമെന്നുമായിരുന്നു പാലക്കാട് നിയുക്ത എംപി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം. സിപിഎം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടിരുന്നു.



SCROLL FOR NEXT