പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ഇടത് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി. സരിൻ. വൻ സ്വീകരണത്തോടെയാണ് പാർട്ടി സരിനെ ഓഫീസിലേക്ക് സ്വാഗതം ചെയ്തത്. പാലക്കാട്ടെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരമമിടാൻ സമയമായെന്നായിരുന്നു ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിലെ സരിൻ്റെ പ്രസ്താവന. താനുയർത്തുന്ന ശബ്ദം ഒരു വ്യക്തിയുടേതല്ല, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേതാണെന്നും സരിൻ പറഞ്ഞു.
ബിജെപി- യുഡിഎഫ് ബന്ധം ആവർത്തിച്ചായിരുന്നു പാർട്ടി ഓഫീസിലെത്തിയ സരിൻ്റെ ആദ്യ പ്രതികരണം. ഷാഫിയെ വടകരയിലേക്ക് കൊണ്ടു പോയത് എന്തിനെന്ന് സരിൻ ചോദിച്ചു. സെക്യുലർ മുഖമെന്ന് അവകാശ വാദവുമായി ബിജെപിക്ക് അവസരം തുറന്നു കൊടുക്കുകയാണ് കോൺഗ്രസെന്ന് സരിൻ ആരോപിച്ചു. ബിജെപി-സിപിഎം ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾക്ക് പാലക്കാട് തെരഞ്ഞെടുപ്പ് മറുപടി നൽകുമെന്നും ബിജെപിക്ക് ആരുമായാണ് ബന്ധമെന്ന് ജനങ്ങൾക്ക് മനസിലാകുമെന്നും സരിൻ പറഞ്ഞു.
സരിൻ പാർട്ടി ചിഹ്നത്തിലായിരിക്കില്ല പാലക്കാട് മത്സരിക്കുക. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി ചിഹ്നം തന്നെ നൽകാനായിരുന്നു തീരുമാനം. എന്നാൽ സ്വതന്ത്രനായി മത്സരിക്കാനാണ് താൽപര്യമെന്ന് സരിൻ പാർട്ടിയെ അറിയിച്ചു. ഇത് വഴി പാർട്ടിക്ക് പുറത്തുള്ള ആളുകളുടെ കൂടി വോട്ടുകൾ നേടാനാണ് സരിൻ്റെ നീക്കം. ഇന്ന് വൈകിട്ടോടെ സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.