ഉപ്പ് സത്യഗ്രഹത്തിന് ശേഷം ഗാന്ധിജി വാർദ്ധയിൽ സ്ഥാപിച്ച സേവാഗ്രാം ആശ്രമത്തിൻ്റെ മാതൃകയിൽ പാലക്കാടും ഗാന്ധി ആശ്രമം ഒരുങ്ങുന്നു. സർവോദയ കേന്ദ്രത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെയും സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയെട്ടാം വാർഷികാഘോഷങ്ങളുടെയും ഭാഗമായാണ് രാമശ്ശേരിയിൽ ആശ്രമം സ്ഥാപിക്കുന്നത്.
ഗാന്ധിജിയോടൊപ്പം ദണ്ഡിയാത്രയിൽ പങ്കെടുത്ത രാമശ്ശേരി വടവട്ടെ താപ്പൻ നായരുടെയും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി എ. കെ രാമൻകുട്ടിയുടെയും സ്മരണയ്ക്കായാണ് രാമശ്ശേരി പൈതൃക ഭൂമിയിൽ ഗാന്ധി ആശ്രമം സ്ഥാപിക്കുന്നത്. ഗ്രാമസ്വരാജ് ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് സന്നദ്ധ പ്രവർത്തകരെയും വിദ്യാർഥികളെയും യുവജനങ്ങളെയും സജ്ജരാക്കുകയാണ് ഗാന്ധി ആശ്രമത്തിൻ്റെ പ്രധാന ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
ഗാന്ധി ആശ്രമത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്കായി കൊച്ചിൻ ഷിപ്പ് യാർഡിൻ്റെ സി എസ് ആർ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ലഭിച്ചിരുന്നു. 28 ലക്ഷം രൂപ പൊതുജനങ്ങളിൽ നിന്നും സമാഹരിച്ചു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് ഏഴ് ലക്ഷം രൂപ കൂടി ആവശ്യമായി വരും. ആശ്രമത്തിൻ്റെ നേതൃത്വത്തിൽ ഗാന്ധിജി തയ്യാറാക്കിയ 18 ഇന കർമ്മ പരിപാടികളെയും സ്വാതന്ത്ര്യ സമരത്തെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും, അവയെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക ഗവേഷണ-പരീക്ഷണങ്ങൾക്ക് വേദിയൊരുക്കുകയും ചെയ്യുകയാണ് ഇത്തരത്തിലൊരു ഗാന്ധി ആശ്രമത്തിൻ്റെ നിർമാണത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അധികൃതർ അറിയിച്ചു.