NEWSROOM

തിരുപ്പതി അപകടം: തിരക്കിൽ പെട്ടു മരിച്ചവരിൽ പാലക്കാട് സ്വദേശിയും

പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമട വെള്ളാരംകൽമേടിലെ നിർമല (52) ആണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്


ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരിൽ പാലക്കാട് സ്വദേശിയും. പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമട വെള്ളാരംകൽമേടിലെ നിർമല (52) ആണ് മരിച്ചത്. വൈകുണ്ഠ ഏകാദശി ടോക്കണ്‍ നല്‍കുന്ന കൗണ്ടറിലാണ് തിക്കും തിരക്കുമുണ്ടായത്. ഏകാദശി ദർശന ടോക്കണ്‍ വിതരണം തുടങ്ങിയതോടെ ഭക്തര്‍ വരി തെറ്റിച്ചു. ഇതോടെ തിരക്ക് അനിയന്ത്രിതമാവുകയും, അപകടമുണ്ടാവുകയുമായിരുന്നു.


കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിർമല ഉൾപ്പെടെയുള്ള ആറംഗ സംഘം തിരുപ്പതി ദർശനത്തിനായി പോയത്. തിരക്കിൽപെട്ട് നിർമല മരിച്ച വിവരം ബന്ധുക്കൾ അറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ അറിയിച്ചു.

ആയിരക്കണക്കിന് ഭക്തരാണ് ഏകാദശി ദർശനത്തിന് ടോക്കണെടുക്കാൻ ക്ഷേത്രത്തിലെത്തിയിരുന്നത്. രാവിലെ മുതൽ തിരുപ്പതിയിലെ ടിക്കറ്റ് കൗണ്ടറുകളില്‍ ഭക്തജനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. പുലർച്ചെ അഞ്ചുമണിക്ക് വിതരണം ചെയ്യാനിരുന്ന ടോക്കണുകൾക്കായാണ് ഭക്തജനങ്ങൾ ക്യൂവിൽ നിന്നത്. കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകള്‍ ഉന്തിത്തള്ളി കയറിയതോടെയാണ് അപകടമുണ്ടായത്. തിരക്ക് നിയന്ത്രിക്കാൻ കഴിയാഞ്ഞത് അപകടത്തിൻ്റെ ആഘാതം കൂട്ടി.


പൊലീസ് ഉദ്യോഗസ്ഥർ കവാടം തുറന്നയുടൻ ഭക്തർ ടോക്കണുകൾക്കായി തിരക്കുകൂട്ടിയെന്നും, ഇതിന് മുൻപ് ടോക്കൺ എടുക്കേണ്ട സമ്പ്രദായം ഇല്ലായിരുന്നുവെന്നും ദർശനത്തിനെത്തിയ ഭക്തരിലൊരാൾ പ്രതികരിച്ചു. തിരുപ്പതിയിലുണ്ടായത് അതീവ ദുഃഖകരമായ സംഭവമാണെന്നും, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിക്കുന്നതായും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.മരിച്ച ആറ് പേർക്കും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും അനുശോചനം രേഖപ്പെടുത്തി.

SCROLL FOR NEXT