NEWSROOM

പാലക്കാട് കാണാതായ പെൺകുട്ടികൾക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നാല് സംഘങ്ങളായാണ് തെരച്ചിൽ നടത്തുന്നത്

Author : ന്യൂസ് ഡെസ്ക്

നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ മൂന്ന് കുട്ടികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പാലക്കാട് എസ്പി ആർ.ആനന്ദ്. കുട്ടികൾ എവിടെയൊക്കെ സഞ്ചരിച്ചു എന്നതിൽ സൂചന ലഭിച്ചിട്ടുണ്ട്. പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നാല് സംഘങ്ങളായാണ് തെരച്ചിൽ നടത്തുന്നത്.

പെൺകുട്ടികൾ പോകാനിടയുള്ള സുഹൃത്തുക്കളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും എസ്പി പറഞ്ഞു. ഇതിനു മുമ്പും കുട്ടികളെ കാണാതായിരുന്നു. പിന്നീട് കണ്ടെത്തി സഖി സെൻ്ററിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നുവെന്നും എസ്പി കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് നിർഭയ കേന്ദ്രത്തിൽ കഴിയുന്ന പതിനേഴ് വയസുള്ള രണ്ടുപേരും പതിനാലുകാരിയും സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും പുറത്ത് ചാടിയത്. കാണാതായ പെൺകുട്ടികളിൽ പോക്സോ അതിജീവതയുമുണ്ട്. കുറച്ച് നാളുകളായി ഇവർ നിരന്തരം വീട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നതായി നിർഭയ കേന്ദ്രം അധികൃതർ പറഞ്ഞു.

SCROLL FOR NEXT