പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ 18 പ്രതികളുടെ ജാമ്യം റദ്ദാക്കില്ല. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎ ആവശ്യം സുപ്രീം കോടതി തള്ളി. 18 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു എന്‍ഐഎ ആവശ്യം. ജാമ്യം റദ്ദാക്കണമെങ്കില്‍ പ്രത്യേക കോടതിയെ സമീപിക്കാന്‍ എന്‍ഐഎക്ക് നിര്‍ദ്ദേശം നൽകി. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, എന്‍.കെ. സിംഗ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
കേരള ഹൈക്കോടതി ജാമ്യം അനുവദിച്ച കേസിലെ പ്രതികള്‍ക്ക് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുത് എന്നുമായിരുന്നു എന്‍ഐഎ വാദം. അന്വേഷണ ഏജന്‍സിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജാ താക്കറെ പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. ഈ വിശദാംശങ്ങള്‍ പരിശോധിച്ച സുപ്രീംകോടതി പ്രധാനപ്പെട്ട കാര്യങ്ങള്‍ ഒന്നും അതില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി.
ALSO READ: വഖഫ് നിയമം; ബിജെപിക്കെതിരെ സിറോ മലബാർ സഭ, ആശങ്കകൾ പ്രധാനമന്ത്രിയെ അറിയിക്കാൻ മുനമ്പം സമര സമിതി
2022 എപ്രിൽ 16നാണ് പാലക്കാട്ട് ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് നേതാവായിരുന്ന എ. സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ശ്രീനിവാസനെ വധിച്ചതെന്നാണ് അന്വേഷണസംഘം പറയുന്നത്. പ്രതികൾക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചത്.