NEWSROOM

പാലാരിവട്ടം പാലം അഴിമതി: ആര്‍ഡിഎസ് കമ്പനിയ്ക്കെതിരെ സുപ്രീം കോടതി നോട്ടീസ്, കരിമ്പട്ടികയില്‍പ്പെടുത്തിയത് റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച് സുപ്രീം കോടതി

അഞ്ച് വർഷത്തേക്ക് സർക്കാർ ടെണ്ടറുകളിൽ പങ്കെടുക്കാനാകാത്ത വിധം കമ്പനിയുടെ എ ക്ലാസ് ലൈസൻസ് റദ്ദാക്കിയ പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയറുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്

Author : ന്യൂസ് ഡെസ്ക്

പാലാരിവട്ടം പാലം അഴിമതിയെ തുടർന്ന് കരാർ കമ്പനിയായ ആർ.ഡി.‌എസ് പ്രോജക്ടിനെ കരിമ്പട്ടികയിൽപ്പെടുത്തിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. കമ്പനിക്ക് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു. അഞ്ച് വർഷത്തേക്ക് സർക്കാർ ടെണ്ടറുകളിൽ പങ്കെടുക്കാനാകാത്ത വിധം കമ്പനിയുടെ എ ക്ലാസ് ലൈസൻസ് റദ്ദാക്കിയ പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയറുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. പൊതുമരാമത്ത് മാന്വൽ കരാരുകാർ പാലിച്ചില്ലെന്നും സർക്കാരിനിത് വൻ നഷ്ടമുണ്ടാക്കിയെന്നും കാണിച്ചായിരുന്നു സർക്കാർ നടപടി.

കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയ സർക്കാർ നടപടി സിംഗിൾ ബെഞ്ച് ആദ്യം ശരിവെച്ചിരുന്നുവെങ്കിലും പിന്നീട് ഡിവിഷൻ ബെഞ്ച് ഇത് റദ്ദാക്കുകയായിരുന്നു. തൊഴിൽ വൈദഗ്ധ്യം കരാറുകാർ പാലിക്കണമെന്ന നിർദേശം മാനുവലിൽ ഉൾപ്പെടുത്തിയത് 2020 ജൂൺ 23 നാണ് ഉൾപ്പെടുത്തിയതെന്നും കരാർ നൽകിയത് അതിനു മുന്നെയാണെന്നുമായിരുന്ന കമ്പനി ചൂണ്ടിക്കാണിച്ച സാങ്കേതിക പ്രശ്നത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു കരിമ്പട്ടികയിൽ പെടുത്തിയ നടപടി റദ്ദാക്കിയത്. 

പാലാരിവട്ടം മേൽപ്പാലം നിർമാണ അപാകത പരിഹരിക്കുന്നതിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയെ വിലക്കി ഉത്തരവിറക്കിയത്.ഡിഎംആർസിയുടെ സേവനം ഉപയോഗിച്ചാണ് പാലാരിവട്ടം മേൽപ്പാലം ഗതാഗത യോഗ്യമാക്കിയത്. ഈ നടപടികൾ സംസ്ഥാന സർക്കാരിന് കോടികളുടെ അധിക ബാധ്യത ഉണ്ടാക്കിയിരുന്നു. കരാർ ലംഘനവും പദ്ധതിയിൽ നടന്നുവെന്നും കമ്പനിക്കെതിരായ ഉത്തരവിൽ പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കിയിരുന്നു.


2014 ലാണ് പാലാരിവട്ടത്ത് 41.27 കോടി രൂപയ്ക്ക് മേൽപ്പാലം നിർമിച്ചത്. 2016 ഒക്ടോബറിൽ പാലം തുറന്നു കൊടുത്തു. നിർമാണത്തിൽ പ്രശ്നമുണ്ടായാൽ 3 വർഷം കമ്പനിയുടെ ഉത്തരവാദിത്തത്തിൽ തകരാർ പരിഹരിക്കണമെന്നാണ് വ്യവസ്ഥ. 2019 ൽ തന്നെ പാലത്തിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയെങ്കിലും പരിഹരിക്കാൻ കമ്പനി തയാറായില്ല. തുടർന്ന് ഡിഎംആർസി ആണ് പാലം പുനർ നിർമിച്ച് ഗതാഗത യോഗ്യമാക്കിയത്.

SCROLL FOR NEXT