NEWSROOM

പാലാരിവട്ടം പാലം അഴിമതി; ഒളിച്ചുകളിച്ച് സർക്കാർ, മൂന്ന് വർഷം കഴിഞ്ഞിട്ടും മുൻ മന്ത്രി ഉൾപ്പെടെയുള്ള പ്രതികളുടെ വിചാരണക്ക് അനുമതിയില്ല

കുറ്റകൃത്യം നടന്ന കാലയളവില്‍ മന്ത്രിയായിരുന്നതിനാല്‍ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറില്‍ നിന്നാണ് അനുമതി ലഭിക്കേണ്ടത്. കൂട്ടുപ്രതികളായ ടി.ഒ സൂരജ്, എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായതിനാല്‍ കേന്ദ്രസര്‍ക്കാരാണ് അനുമതി നല്‍കേണ്ടത്.

Author : ന്യൂസ് ഡെസ്ക്


പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഒളിച്ചുകളിച്ച് സർക്കാർ. മൂന്ന് വർഷം കഴിഞ്ഞിട്ടും വിചാരണയ്ക്ക് സർക്കാർ അനുമതി നൽകിയിട്ടില്ല. വി കെ ഇബ്രാഹിം കുഞ്ഞ്, മുഹമ്മദ് ഹനീഷ്, ടി ഒ സൂരജ് എന്നിവരുടെ വിചാരണയാണ് വൈകുന്നത്. മൂന്ന് വർഷം മുമ്പ് തയ്യാറാക്കിയ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ ഇതുവര വിജിലൻസിന് കഴിഞ്ഞിട്ടില്ല.


പഞ്ചവടിപ്പാലം എന്ന് കുപ്രസിദ്ധി നേടിയ പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം അന്വേഷണം പൂർത്തിയായി 3 വർഷമായിട്ടും വിജിലൻസിന് സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇതുവരെ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചിട്ടില്ല. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞടക്കമുള്ള 13 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.



കുറ്റകൃത്യം നടന്ന കാലയളവില്‍ മന്ത്രിയായിരുന്നതിനാല്‍ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറില്‍ നിന്നാണ് അനുമതി ലഭിക്കേണ്ടത്. കൂട്ടുപ്രതികളായ ടി.ഒ സൂരജ്, എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായതിനാല്‍ കേന്ദ്രസര്‍ക്കാരാണ് അനുമതി നല്‍കേണ്ടത്. ഉദ്യോഗസ്ഥരായ മറ്റ് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്ന് അനുമതി കിട്ടണം.

പാലാരിവട്ടം പാലം നിര്‍മാണകരാര്‍ ആര്‍ഡിഎസ് പ്രൊജക്ട് ലിമിറ്റഡ് എന്ന കമ്പനിക്ക് നല്‍കാന്‍ വി.കെ ഇബ്രാഹിം കുഞ്ഞ് ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഒന്നാം പിണറായി സർക്കാറിനെ ഭരണത്തിലെത്തിക്കാൻ പാലാരിവട്ടം പാലം സംബന്ധിച്ച അഴിമതി പ്രധാന കാരണമായിരുന്നു.


യുഡിഎഫിനെതിരെ ഇടതുമുന്നണി ഉയര്‍ത്തിക്കൊണ്ടു വന്ന പ്രധാന വിഷയങ്ങളില ഒന്നായിരുന്നു പാലാരിവട്ടം പാലം അഴിമതിക്കേസ്. 42 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പാലം മാസങ്ങൾക്കകം തകരാറിലാകുകയായിരുന്നു.

അന്നത്തെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും കരാറുകാരായ ആര്‍ഡിഎക്സും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയിലൂടെ ഖജനാവിൽ നിന്ന് തട്ടിയെടുത്തത് എട്ടരക്കോടി രൂപയാണെന്നാണ് കണ്ടെത്തൽ . ആര്‍ഡിഎക്സിന്‍റെ മാനേജിംഗ് ഡയറക്ട‍ര്‍ സുമിത് ഗോയൽ ഒന്നാം പ്രതിയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ വിജിലൻസ് അന്വേഷണം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.



SCROLL FOR NEXT