NEWSROOM

പുഞ്ചിരിയുടെ പിറ കാണാത്ത പലസ്തീന്‍ മുഖങ്ങള്‍

ലോകം മുഴുവന്‍ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ജീവന്‍ നിലനിർത്താന്‍ പൊരുതുകയാണ് ഗാസയിലെ ജനങ്ങള്‍

Author : ശ്രീജിത്ത് എസ്

പൊളിഞ്ഞ പള്ളികള്‍ക്ക് പുറത്ത്, ബോംബാക്രമണങ്ങളില്‍ വിറകൊള്ളുന്ന മണ്ണില്‍ നെറ്റിചേര്‍ത്ത് സമാധാനത്തിന്‍റെ ദിനങ്ങള്‍ക്കായി ഒരു ജനത പ്രാര്‍ത്ഥിക്കുകയാണ്. ചിരിച്ചു കളിക്കുന്ന കുട്ടികളേയൊ തിരക്കേറിയ കമ്പോളങ്ങളോ ഈ ഈദിന് ഗാസാ സ്ട്രിപ്പില്‍ കാണാന്‍ സാധിക്കില്ല. ഇസ്രയേല്‍ ബോംബാക്രമങ്ങളില്‍ പൊളിഞ്ഞ തങ്ങളുടെ വീടുകളില്‍ നിന്നും ഉപയോഗയോഗ്യമായ വസ്തുക്കളുമെടുത്ത് താത്കാലിക ടെന്‍റുകളിലേക്ക് ചേക്കേറാനുള്ള തിരക്കിലാണവര്‍.

ഈദിന് വീട്ടുകാരുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് പലസ്തീന്‍ ജനങ്ങളുടെ ആചാരം. എന്നാല്‍ ഈ പെരുന്നാളിന് പലര്‍ക്കും അത് സാധ്യമാവില്ല. 70 ശതമാനം വീടുകളും തകര്‍ന്നു കഴിഞ്ഞു. പലര്‍ക്കും കുടുംബാംഗങ്ങളെ നഷ്ടമായി. നല്ല ഭക്ഷണം അവര്‍ക്കൊരു സാധ്യത മാത്രമാണ്. കിട്ടാം, കിട്ടാതിരിക്കാം. ഇസ്രയേലിന്‍റെ ഗാസ ആക്രമണത്തില്‍ 33,400ല്‍ അധികം പലസ്തീനികളാണ് ഇതുവരെ മരിച്ചത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 76,000ന് മുകളില്‍ ആളുകള്‍ക്ക് പരിക്കുകളേറ്റിട്ടുണ്ട്. ഇന്ന് ഗാസയിലെ 2.2 മില്യണ്‍ ജനങ്ങള്‍ പട്ടിണിയിലാണ് കഴിയുന്നത്. ഇന്റഗ്രേറ്റഡ് ഫുഡ് സേഫ്റ്റി ക്ലാസിഫിക്കേഷന്‍ കണക്കുകള്‍ പ്രകാരം ഗാസയിലെ ജനസംഖ്യയിലെ അന്‍പത് ശതമാനവും കഴിക്കാന്‍ ഭക്ഷണമില്ലാതെയാണ് ജീവിക്കുന്നത്. പട്ടിണി മൂലം കുറഞ്ഞത് 25 കുട്ടികളെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നത്. മൂന്നില്‍ ഒരു കുട്ടിക്ക് പോഷകാഹാരക്കുറവുകളുണ്ട്. ഗാസയിലേക്കുള്ള സഹായങ്ങളെ ഇസ്രയേല്‍ തടയുന്നതും തുടര്‍ന്നുകൊണ്ടിരിക്കുന്ന നശീകരണ പ്രവര്‍ത്തനങ്ങളുമാണ് ഗാസയെ ക്ഷാമത്തിലേക്കും പട്ടിണിയിലേക്കും നയിക്കുന്നതെന്നാണ് കണ്ടെത്തല്‍.

300 ട്രക്കുകളില്‍ ഭക്ഷണമെത്തിച്ച് വിതരണം ചെയ്താല്‍ മാത്രമെ ഇന്നവര്‍ക്ക് പട്ടിണി മാറ്റാന്‍ സാധിക്കൂ. സമ്പൂര്‍ണ്ണമായ വെടിനിര്‍ത്തല്‍ പ്രയോഗത്തില്‍ വന്നെങ്കിലെ ഇതും മുടക്കം കൂടാതെ തുടരാനാകുകയുള്ളൂ. ഈ വറുതിയിലും ഈദിന് തലേന്ന് പരമ്പരാഗതമായി പലസ്തീനികള്‍ ഉണ്ടാക്കിയിരുന്ന കാഹ്ക് എന്ന ബിസ്‌ക്കറ്റ് ദേര്‍ അല്‍ ബലാഹ് യിലെ ക്യാമ്പുകളില്‍ കുട്ടികള്‍ക്കായി പാകം ചെയ്യുന്നത് ആഘോഷിക്കാനല്ല. മറിച്ച് കുട്ടികളുടെ പൊടിപടര്‍ന്ന മുഖത്ത് ഒരു ചെറുപുഞ്ചിരി കൊണ്ട് വരാനാണ്.

ത്യാഗസ്മരണയില്‍ ലോകം മുഴുവന്‍ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ എന്തു കൊണ്ട് പലസ്തീന്‍ ജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല എന്ന് പരിശോധിക്കേണ്ടതുണ്ട്. കൊളോണിയല്‍ അധികാര കൈമാറ്റങ്ങളില്‍ സ്വന്തം മണ്ണും സ്വത്വവും നഷ്ടമായവരാണ് പലസ്തീനികള്‍. അതേപോലെ തന്നെ ഹിറ്റ്‌ലറിന്‍റെ നേതൃത്വത്തില്‍ നടന്ന ജൂത വംശഹത്യയുടെ ഇരകളാണ് ഇസ്രയേലികള്‍. മണ്ണിനു വേണ്ടി ഇവര്‍ മനുഷ്യരെ കടന്നാക്രമിക്കുന്നത് കാലത്തിന്‍റെ വിരോധാഭാസമാണ്. ഇതിന് തടയിടാന്‍ ഐക്യരാഷ്ട്ര സഭയ്‌ക്കോ ലോകരാജ്യങ്ങളിലെ പ്രബലര്‍ക്കോ സാധിക്കുന്നില്ല എന്നത് മനുഷ്യ പക്ഷത്ത് നില്‍ക്കാന്‍ ഈ കാലഘട്ടത്തില്‍ എന്തുമാത്രം പ്രയാസമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.

കേരളത്തിലെ തെരുവുകളില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് റാലികളും സമ്മേളനങ്ങളും നടക്കുന്നതിനെ പല കോണുകളില്‍ നിന്നും പരിഹസിക്കുന്നത് കേള്‍ക്കാം. അന്താരാഷ്ട്ര വേദികളിലെ പലസ്തീന്‍ അനുകൂല നിലപാടുകള്‍ക്കും ഇതേ വിധിയാണുള്ളത്. ഈ കൂട്ടര്‍ ആരോപിക്കുന്നപോലെ ഇതൊന്നും 'ഷോ' അല്ല. ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും ഇടമില്ലാതെ യുദ്ധക്കളത്തില്‍ ജീവനും കൊണ്ട് പരക്കം പായുന്ന ഒരു ജനതയുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ്. അതിനായി തണ്ണീര്‍മത്തനും പതാകയും നിറങ്ങളും മാര്‍ഗങ്ങളാവുന്നു എന്ന് മാത്രം.

ഇപ്പോഴും പ്രാര്‍ത്ഥനാ നിര്‍ഭരമാണ് പലസ്തീന്‍റെ മനസ്. വെടിവെയ്പ്പും ഷെല്ലാക്രമങ്ങളുമില്ലാതെ സ്വന്തം വീട്ടില്‍ ഒരു ദിവസം മയങ്ങാനാണ് അവര്‍ ആഗ്രഹിക്കുന്നത്. നാളെ എന്നത് ഒരു പ്രതീക്ഷയായി കരുതി ഇന്നത്തെ ദിവസം അതിജീവിക്കാനായി പൊരുതുകയാണവര്‍.

SCROLL FOR NEXT