NEWSROOM

"സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ഹീനമായ പ്രവൃത്തി"; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് പലസ്തീൻ

ഇന്ത്യക്ക് പലസ്തീന്‍റെ പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തില്‍ മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് പലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്. സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ഹീനമായ പ്രവൃത്തിയാണ് നടന്നത് എന്നാണ് പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിൻ്റെ പ്രതികരണം. ഇന്ത്യക്ക് പലസ്തീന്‍റെ പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തില്‍ മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.


"ജമ്മു കശ്മീരിലെ നിരപരാധികളായ വിനോദസഞ്ചാരികളുടെ ജീവൻ അപഹരിക്കുകയും പരിക്കേൽക്കുകയും ചെയ്ത ദാരുണമായ സംഭവത്തിൻ്റെ വാർത്ത ഞങ്ങൾ ദുഃഖത്തോടെയാണ് കാണുന്നത്. ഈ ഹീനമായ പ്രവൃത്തിയെ ഞങ്ങൾ അപലപിക്കുന്നു", മഹ്മൂദ് അബ്ബാസ് കത്തിൽ കുറിച്ചു.

ഇന്ത്യയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിൽ ഞങ്ങളുടെ പിന്തുണ അറിയിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഞങ്ങളുടെ ഹൃദയംഗമായ അനുശോചനവും അറിയിക്കുന്നു. ഭീകരാക്രമണത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഇന്ത്യയിലെ ജനങ്ങളുടെ അഭിവൃദ്ധിക്കായി പ്രാർഥിക്കുന്നുവെന്നും പലസ്തീൻ പ്രസിഡൻ്റ് പറഞ്ഞു.

28 പേരാണ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. അതേസമയം, പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ സുരക്ഷ വീഴ്ചയുണ്ടായെന്ന് കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷിയോഗത്തില്‍ ഐബിയും (ഇന്റലിജന്‍സ് ബ്യൂറോ), ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ അറിയിച്ചിരുന്നു. ഭീകരാക്രമണം മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടത് 'പിഴവ്' ആണെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

'ഒന്നും തെറ്റായി സംഭവിച്ചില്ലെങ്കില്‍ പിന്നെ നമ്മള്‍ എന്തിനാണ് ഇവിടെ വട്ടം ചേര്‍ന്നിരിക്കുന്നത്? എവിടെയോ ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. അത് നമുക്ക് കണ്ടു പിടിക്കേണ്ടതുണ്ട്,' എന്ന് സര്‍ക്കാര്‍ പ്രതിനിധി പ്രതിപക്ഷ നേതാക്കളോട് യോഗത്തില്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

SCROLL FOR NEXT