NEWSROOM

'സഹായിക്കാനായി ആദ്യം ഓടിയെത്തിയത് പ്രദേശത്തെ മുസ്ലീങ്ങള്‍, അവരെനിക്ക് സഹോദരങ്ങളെ പോലെ'; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യ

''അവരെനിക്ക് സഹോദരങ്ങളെ പോലെയാണ്. അതിലൊരാളാണ് എന്റെ മകനെ എടുത്തത്. രണ്ട് പേര്‍ എന്ന ആ ബുദ്ധിമുട്ടേറിയ സ്ഥലത്ത് നിന്ന് കടക്കുന്നതിന് സഹായിച്ചു''

Author : ന്യൂസ് ഡെസ്ക്


ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ തീവ്രവാദ ആക്രമണത്തിന് പിന്നാലെ, അവിടുന്ന് തങ്ങളെ സഹായിച്ചത് പ്രാദേശിക മുസ്ലീങ്ങളെന്ന് കൊല്ലപ്പെട്ട കര്‍ണാടക സ്വദേശി മഞ്ജുനാഥിന്റെ ഭാര്യ പല്ലവി പറഞ്ഞതായി ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. സഹായിക്കാനെത്തിയ മുസ്ലീങ്ങള്‍ തനിക്ക് സഹോദരങ്ങളെ പോലെയാണെന്നും പല്ലവി പറഞ്ഞു.

'ആക്രമണം നടന്ന സമയത്ത് ടൂറിസ്റ്റ് ഗ്രൂപ്പിനെ അവിടേക്ക് എത്തിച്ച ഡ്രൈവര്‍ നിരവധി സഹായങ്ങള്‍ ചെയ്തു. ആക്രമണം നടന്ന സമയം മുതല്‍ ഡ്രൈവര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ആക്രമണം നടന്ന സമയ്തത് പ്രദേശത്തുണ്ടായിരുന്ന മൂന്ന് മുസ്ലീങ്ങളാണ് 'ബിസ്മില്ലാഹ്' എന്ന് ഉച്ചരിച്ചുകൊണ്ട് സഹായത്തിനായി ഓടിയെത്തിയത്. അവരെനിക്ക് സഹോദരങ്ങളെ പോലെയാണ്. അതിലൊരാളാണ് എന്റെ മകനെ എടുത്തത്. രണ്ട് പേര്‍ എന്ന ആ ബുദ്ധിമുട്ടേറിയ സ്ഥലത്ത് നിന്ന് കടക്കുന്നതിന് സഹായിച്ചു. പ്രദേശവാസികള്‍ ഒത്തിരി പിന്തുണച്ചിരുന്നു,' പല്ലവി പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

തന്റെ കണ്‍മുന്നില്‍ വെച്ചാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നും പല്ലവി നേരത്തെ പറഞ്ഞിരുന്നു. ആ സമയത്ത് കരയാനോ പ്രതികരിക്കാനോ കഴിഞ്ഞില്ല. എന്താണ് നടക്കുന്നതെന്ന് മനസിലാക്കാന്‍ പോലും സാധിച്ചില്ലെന്നും പല്ലവി പറഞ്ഞിരുന്നു.

ഭീകരര്‍ പ്രത്യേകമായൊരു സൈനിക യൂണിഫോമില്‍ ആയിരുന്നില്ല. മിക്കവാറും എല്ലാ പുരുഷന്മാരെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം. അവിടെ ധാരാളം നവദമ്പതികള്‍ ഉണ്ടായിരുന്നു. മിക്ക കേസുകളിലും ഭര്‍ത്താക്കന്മാര്‍ മാത്രമേ ആക്രമിക്കപ്പെട്ടുള്ളൂ. ഏകദേശം 500ഓളം വിനോദസഞ്ചാരികള്‍ അവിടെ ഉണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.

നാവിക ഉദ്യോഗസ്ഥന്‍ അടക്കം 26 വിനോദ സഞ്ചാരികളാണ് കഴിഞ്ഞ ദിവസം പഹല്‍ഗാം താഴ്‌വരയിലുണ്ടായ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൈനിക വേഷത്തിലെത്തിയ നാല് പേരാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രം എത്താന്‍ കഴിയുന്ന പ്രദേശമാണ് പഹല്‍ഗാം. ഇവിടേക്ക് ട്രെക്കിങ്ങിനായി എത്തിയവര്‍ക്ക് നേരെയാണ് തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. ഒരു മലയാളിയും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.


SCROLL FOR NEXT