NEWSROOM

പളളിത്തർക്കം: സർക്കാരിന് താക്കീതുമായി ഹൈക്കോടതി

പ്രശ്ന പരിഹാരത്തിന് സാധ്യത തേടുകയാണെന്ന് സർക്കാർ വീണ്ടും കോടതിയെ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

യാക്കോബായ, ഓ‍ർത്ത‍ഡോക്സ് പളളിത്തർക്കത്തിൽ സർക്കാരിന് താക്കീതുമായി ഹൈക്കോടതി. ഒരവസരം കൂടി സർക്കാരിന് നൽകാമെന്നും, അതിന് ശേഷവും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെങ്കിൽ കോടതിലക്ഷ്യ നടപടിയെടുക്കുമെന്നും ജസ്റ്റിസ് വി.ജി. അരുണ മുന്നറിയിപ്പ് നൽകി.

അതേസമയം, പ്രശ്ന പരിഹാരത്തിന് സാധ്യത തേടുകയാണെന്ന് സർക്കാർ വീണ്ടും കോടതിയെ അറിയിച്ചു. വിഷയത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഈ മാസം 25നകം അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ അന്തിമ ഉത്തരവനുസരിച്ച് യാക്കോബായ സഭയുടെ കൈവശമുളള പള്ളികൾ ഏറ്റെടുത്ത് നൽകണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

പ്രതിഷേധത്തിന്‍റെ പേരിൽ പള്ളികൾ ഏറ്റെടുക്കാതെ സ‍ർക്കാർ‍ യാക്കോബായ വിഭാഗത്തിനൊപ്പം നിൽക്കുകയാണെന്നാണ് ഓർത്ത‍ഡോക്സ് സഭയുടെ വാദം. പുളിന്താനം, മഴുവന്നൂർ, ഓടക്കാലി, പൂത്തൃക്ക, ചെറുകുന്നം, മംഗലം ഡാം, എരിക്കിൻചിറ പള്ളികളിൽ ഉത്തരവ് നടപ്പാക്കാൻ പൊലീസ് എത്തിയെങ്കിലും യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പിൻമാറിയിരുന്നു.

SCROLL FOR NEXT