ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലെ ചെയർപേഴ്‌സണും വൈസ് ചെയർപേഴ്‌സണും രാജിവച്ചു. നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷും വൈസ് ചെയർപേഴ്‌സൺ യു. രമ്യയുമാണ് രാജിവച്ചത്. നാളെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിന് മുൻപാണ് രാജി.
നിലവില്‍ ബിജെപിയിലെ മൂന്ന് കൗൺസിലർമാർ വിമതരായി നിൽക്കുന്ന സാഹചര്യത്തിൽ അവരെ അനുനയിപ്പിക്കാൻ കഴിയാത്തതിനാൽ ആണ് ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും രാജി വച്ചത്. ബിജെപി കൗൺസിലർ കെ.വി. പ്രഭയുടെ പിന്തുണയോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. ഇതിനെ തുടർന്ന് കെ.വി. പ്രഭയെ ബിജെപി സസ്പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം, രാജി വ്യക്തിപരമായ തീരുമാനമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് വി.എ. സൂരജ് അറിയിച്ചു. രാജി വെയ്ക്കാൻ ബിജെപി നിർദേശം ഇല്ലായിരുന്നുവെന്നും രാജി സന്നദ്ധത പാർട്ടി അംഗീകരിച്ചുവെന്നും സൂരജ് പറഞ്ഞു. നഗരസഭ ഭരണത്തിൽ തിരിച്ചെത്തുമെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
നഗരസഭയിലെ 33 അംഗങ്ങളില്‍ 18 പേർ ബിജെപിയില്‍ നിന്നാണ്. എൽഡിഎഫ് - 9, യുഡിഎഫ് - 5, സ്വതന്ത്രൻ - 1 എന്നിങ്ങനെയാണ് കക്ഷിനില. വിമത കൗണ്‍സിലർമാരുടെ പിന്തുണ പ്രതിപക്ഷത്തിനു ലഭിച്ചാല്‍ ബിജെപിക്ക് ഭരണം നഷ്ടമാകും.