എഡിജിപി എം.ആർ. അജിത് കുമാറിനെ അന്വേഷണ വിധേയമായി ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്നാണ് സിപിഐയുടെ ആവശ്യമെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സസ്‌പെൻഷൻ എന്ന് സിപിഐ മുന്നോട്ടു വച്ചിട്ടില്ല എന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയിൽ നിന്ന് ഉചിതമായ തീരുമാനം ഉണ്ടാകുമോ എന്ന് ചോദ്യത്തിന് ഉചിതമായ തീരുമാനമെടുക്കുക മാത്രമാണ് അഭികാമ്യം എന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം പോറൽ ഇല്ലാതെ നിലനിൽക്കണം എന്ന് നാടാഗ്രഹിക്കുന്നുന്നുണ്ട്. അതിനു വിരുദ്ധമായ ഒരു പ്രവർത്തനവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ല. അത് എല്ലാവരും ഓർത്ത് പ്രവർത്തിക്കും എന്ന് തന്നെയാണ് കരുതുന്നതെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു. അതേസമയം, തൃശൂർ പൂരം കലക്കൽ വിവാദത്തിൽ ഡിജിപി സർക്കാരിന് റിപ്പോർട്ട് കൈമാറിയതോടെ എഡിജിപിക്കെതിരായ നടപടിയാണ് ഇനി പ്രധാനം.
നാളെ നിയമസഭാ സമ്മേളനം ചേരാനിരിക്കെ ഇന്നുതന്നെ നടപടി പ്രഖ്യാപിക്കാനുള്ള സാധ്യതയേറെയാണ്. വിഷയത്തിൽ സിപിഐയോട് മുഖ്യമന്ത്രി പറഞ്ഞ സമയപരിധിയും ഇന്ന് അവസാനിക്കും. കഴിഞ്ഞ ദിവസം രാത്രിയാണ് എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. ഇന്ന് രാവിലെ ഡിജിപി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് റിപ്പോട്ടിലെ വിശദാംശങ്ങൾ ധരിപ്പിക്കും.