ഷെറിൻ, ബോംബ് സൂക്ഷിച്ചിരുന്ന വീട് 
NEWSROOM

പാനൂർ ബോംബ് സ്ഫോടനം; മൂന്നു പ്രതികൾക്ക് ജാമ്യം

തലശ്ശേരി അഡീ. ചീഫ് മജിസ്ട്രേട്ട് കോടതിയുടേതാണ് നടപടി

Author : ന്യൂസ് ഡെസ്ക്

പാനൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ മൂന്നു പ്രതികള്‍ക്ക് ജാമ്യം. മൂന്നാം പ്രതി അരുണ്‍, നാലാം പ്രതി ഷബിന്‍ ലാല്‍, അഞ്ചാം പ്രതി അതുല്‍ കെ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. തലശ്ശേരി അഡീ. ചീഫ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് നടപടി. 90 ദിവസമായിട്ടും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. ഏപ്രില്‍ ആറിന് പുലര്‍ച്ചയോടെയാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ഷെറിന്‍, വിനീഷ് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

ചികിത്സയിലിരിക്കെ ഷെറിന്‍ മരിച്ചു. സ്‌ഫോടനത്തിനു പിന്നാലെ ഇരുവരും സിപിഎം പ്രവര്‍ത്തകരാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. കേസിലെ മുഴുവന്‍ പ്രതികളെയും പൊലീസ് പിടികൂടിയിരുന്നെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ബോംബ് നിര്‍മാണത്തിന് പിന്നില്‍ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള പകയാണെന്ന് പൊലീസ് പറയുന്നു.

മാര്‍ച്ച് എട്ടിന് കുയിമ്പില്‍ ക്ഷേത്രോത്സവത്തിനിടെയും ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പിന്നാലെയാണ് എതിരാളികളെ പേടിപ്പിക്കാന്‍ ബോംബ് നിര്‍മാണം തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. കേസിലെ മുഖ്യപ്രതി വിനീഷിന്റെ വീടിനു സമീപത്തെ നിര്‍മാണത്തിലിരുന്ന വീട്ടിലാണ് ബോംബ് നിര്‍മിച്ചിരുന്നത്. കേസില്‍ ആകെ പന്ത്രണ്ട് പ്രതികളാണുള്ളത്. ഇതില്‍ നാലുപേര്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികളാണ്. 

SCROLL FOR NEXT