NEWSROOM

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് ഒത്തുതീര്‍പ്പായെന്ന് പ്രതി; നോട്ടീസ് നല്‍കി ഹൈക്കോടതി

ഭാര്യയോടൊപ്പം ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് ഹർജി നൽകിയത്

Author : ന്യൂസ് ഡെസ്ക്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി രാഹുല്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. കേസ് ഒത്തുതീര്‍പ്പായെന്ന് പ്രതി ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കേസില്‍ നിലപാട് തേടിയാണ് സര്‍ക്കാരിനും പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്കും പരാതിക്കാരിക്കും ഹൈക്കോടതി നോട്ടീസ് അയച്ചത്. 

കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായെന്നും ഭാര്യയോടൊപ്പം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചുവെന്നും ചൂണ്ടികാട്ടിയാണ് രാഹുല്‍ ഹര്‍ജി നല്‍കിയത്. നവവധു ഭര്‍തൃ വീട്ടില്‍ മര്‍ദ്ദനത്തിനിരായെന്ന പരാതിയിലാണ് കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഭര്‍ത്താവ് രാഹുല്‍ അടക്കമുള്ളവരെ കേസില്‍ പ്രതി ചേര്‍ക്കുകയും ചെയ്തു. 

കേസിന്റെ അന്വേഷണം പുരോഗമിക്കവേയാണ് പെണ്‍കുട്ടി നിലപാട് മാറ്റി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതായെന്ന് ചൂണ്ടികാട്ടി മാതാപിതാക്കള്‍ വടക്കേക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പൊലീസ് അന്വേഷണത്തിനൊടുവില്‍ ഡല്‍ഹിയില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഒത്തുതീര്‍പ്പായെന്നും ഭാര്യയുടെ തെറ്റിദ്ധാരണ മാറ്റി ഒരുമിച്ചുപോകുമെന്നുമാണ് രാഹുല്‍ കോടതിയെ അറിയിച്ചത്. എതിര്‍കക്ഷികളുടെ വിശദീകരണം കേട്ട ശേഷം ഹൈക്കോടതി വിഷയത്തില്‍ തീരുമാനമെടുക്കും. അതേസമയം പൊലീസ് നിയമോപദേശം തേടിയിട്ടുണ്ടെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. 

SCROLL FOR NEXT