പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതിയെ പൊലീസ് വിട്ടയച്ചു.ഇന്നലെ രാത്രിയോടെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ യുവതിയെ തിരികെ കൊണ്ടു പോകാൻ വീട്ടുകാർ എത്തിയെങ്കിലും യുവതി കൂടെപ്പോകാൻ വിസമ്മതിക്കുകയായിരുന്നു.ഡൽഹിക്കു പോകാൻ യുവതി താത്പര്യം പ്രകടിപ്പിച്ചതിന് പിന്നാലെ മജിസ്ട്രേറ്റ് അനുവാദം നൽകി.വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് ഭർത്താവിനെതിരെ കേസ് കൊടുത്തതെന്ന് യുവതി മൊഴി നൽകിയിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് യുവതി ഇതുസംബന്ധിച്ച് ആദ്യം പ്രതികരണം നടത്തിയത്.ഇതിനു പിന്നാലെ യുവതിയെ കാണാൻ ഇല്ലെന്ന് ആരോപിച്ച് യുവതിയുടെ പിതാവ് പൊലീസിന് പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസമാണ് യുവതി ഡൽഹിയിൽ നിന്ന് വിമാന മാർഗം കൊച്ചിയിൽ എത്തിയത്.മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയതിനു പിന്നാലെ പൊലീസ് തന്നെ യുവതിയെ തിരിച്ച് നെടുമ്പാശേരിയിൽ എത്തിക്കുകയായിരുന്നു.സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ പിന്തുടർന്നാണ് പൊലീസ് യുവതിയെ കണ്ടെത്തിയത്.തന്നെ കാണാൻ ഇല്ലെന്ന വീട്ടുകാരുടെ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി അമ്മയെ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീട്ടുകാർ വിസമ്മതിക്കുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട എല്ലാ കോൾ വിവരങ്ങളും വീട്ടുകാർ പൊലീസിന് കൈമാറിയിരുന്നു.കേസ് ക്വാഷ് ചെയ്യാനുള്ള അപേക്ഷ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.തിങ്കളാഴ്ച കേസ് പരിഗണിക്കും. അന്വേഷണം പൂർത്തിയാക്കി ഒരാഴ്ചക്കകം കുറ്റപത്രം ,സമർപ്പിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.