NEWSROOM

കേന്ദ്രം നിയമ ഭേദഗതി നടപ്പാക്കിയാല്‍ തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താനാവില്ല; പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്

നിയമ ഭേദഗതിയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഇരു ദേവസ്വങ്ങളും സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും ജി. രാജേഷ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


തൃശൂര്‍ പൂരം വെടിക്കെട്ടില്‍ ആശങ്കയറിയിച്ച് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്. കേന്ദ്രസര്‍ക്കാര്‍ ഒക്ടോബറില്‍ പുറത്തിറക്കിയ ഭേദഗതി നടപ്പാക്കിയാല്‍ തൃശൂര്‍ പൂരം വെടിക്കെട്ട് നടപ്പാക്കാന്‍ കഴിയില്ലെന്ന് ജി. രാജേഷ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. കൊടിയേറ്റത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അനുമതി വൈകുന്നത് ആശങ്കയുണ്ടാക്കുന്നതയും രാജേഷ് പറഞ്ഞു.

' കേന്ദ്ര സര്‍ക്കാര്‍ ഒക്ടോബറില്‍ പുറത്തിറക്കിയ ഭേദഗതി നോക്കിയാല്‍ മാഗസിനില്‍ നിന്നും 200 മീറ്റര്‍ അകലമാണ് വെടിക്കെട്ട് നടത്തുന്നതിനായി പറഞ്ഞിരിക്കുന്നത്. അത് നടപ്പിലാക്കുകയാണെങ്കില്‍ നമുക്ക് തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് നടത്താന്‍ സാധിക്കില്ല. അതില്‍ ഒരു ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഇരു ദേവസ്വങ്ങളും സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്,' ജി. രാജേഷ് പറഞ്ഞു.

തൃശൂര്‍ പൂരത്തിന്റെ ആദ്യവെടിക്കെട്ട് കൊടിയേറ്റത്തിനാണ്. അത് ഏപ്രില്‍ 30നാണ് നടത്തുക. ഇന്ന് മാര്‍ച്ച് 28 ആയി. ഒരു മാസമേ ഇനി ഉള്ളു. അങ്ങനെ ഒരു സാഹചര്യത്തിലായിരിക്കെ തീരുമാനങ്ങള്‍ വരാതിരുന്നാല്‍ അത് വലിയ പ്രതിസന്ധിയിലേക്ക് ആയിരിക്കും നീങ്ങുക എന്നും ജി. രാജേഷ് പറഞ്ഞു.

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നിരന്തരമായി കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ്‌ഗോപിയെ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പെസോ ഉദ്യോഗസ്ഥരെ അടക്കം നേരിട്ട് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വെടിക്കെട്ട് മാഗസിനുകളില്‍ അടക്കം എത്തിച്ച് പരിശോധന നടത്തി പോയതും എംപിയുടെ നേതൃത്വത്തിലായിരുന്നു. നവപൂജ നടത്തുമെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്.

എന്നാല്‍ വിഷയം ചര്‍ച്ച ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പൊതുവായ തീരുമാനത്തിലേക്ക് എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതില്‍ ഏറ്റവും വലിയ പ്രതിസന്ധിയായി നിലനില്‍ക്കുന്നത് കേന്ദ്രം പുറത്തിറക്കിയ ഭേദഗതിയാണ്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തെ മാഗസിനും ആനയും ആളുകളും തമ്മിലുള്ള ദൂരവ്യത്യാസമടക്കമുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യമാണ്. ഏറ്റവും ഒടുവില്‍ പാലക്കാട് നെന്മാറ വല്ലങ്കി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിനും അനുമതി നിഷേധിച്ച സാഹചര്യം ഉള്ളതുകൊണ്ട് കൂടിയാണ് തൃശൂര്‍ പൂരം പ്രധാന സംഘാടകരായ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ആശങ്കയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

SCROLL FOR NEXT