NEWSROOM

സുഡാനിൽ ആക്രമണം അഴിച്ചുവിട്ട് അർദ്ധസൈന്യവിഭാഗം ; 80 പേർ കൊല്ലപ്പെട്ടു, നിരവധിപ്പേരെ മാറ്റിപ്പാർപ്പിച്ചു

സിന്നാർ യൂത്ത് ഗാതറിംഗ് എന്ന സന്നദ്ധ സംഘടനയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ഗ്രാമത്തിൽ നിന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ആർഎസ്എഫ് ശ്രമിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

Author : ന്യൂസ് ഡെസ്ക്

സുഡാനിൽ അർദ്ധസൈന്യത്തിൻ്റെ ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. സെൻട്രൽ സുഡാനിലെ സിന്നാർ സംസ്ഥാനത്തിലെ ഒരു ഗ്രാമത്തിൽ അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സാണ് ക്രൂരമായ ആക്രമണം നടത്തിയത്. അഞ്ച് ദിവസത്തെ ഉപരോധത്തിന് ശേഷമാണ് സൈന്യം ആക്രമണം നടത്തിയത്.


സിന്നാർ യൂത്ത് ഗാതറിംഗ് എന്ന സന്നദ്ധ സംഘടനയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ഗ്രാമത്തിൽ നിന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ആർഎസ്എഫ് ശ്രമിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. പ്രദേശ വാസികൾ സൈനികനീക്കത്തെ ചെറുക്കാൻ പരിശ്രമിച്ചതാണ് രക്തരൂക്ഷിതമായ ആക്രമണത്തിൽ കലാശിച്ചതെന്ന് സിന്നാർ യൂത്ത് ഗാതറിംഗ് അറിയിച്ചു.

ഗ്രാമത്തിലെ വീടുകളിലേക്ക് സൈന്യം ഇരച്ചു കയറുകയായിരുന്നു. അതി ക്രൂരമായി ജനങ്ങൾക്കു നേരെ വെടിയുതിർക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ സംഭവത്തിൽ ആർഎസ്എഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്രമണസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിന്നും 725,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.

കഴിഞ്ഞ ജൂൺ മാസം മുതൽ തലസ്ഥാന നഗരമായ സിംഗ ഉൾപ്പെടെ സിന്നാർ സംസ്ഥാനത്തിൻ്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ആർഎസ്എഫ് ആണ്. കിഴക്കൻ സിന്നാർ മേഖല സുഡാനീസ് സായുധ സേന (എസ്എഎഫ്)യും നിയന്ത്രിക്കുന്നു. 2023 ഏപ്രിൽ 15 മുതൽ SAF ഉം RSF ഉം തമ്മിലുള്ള പേരാട്ടത്തിന് സുഡാൻ സാക്ഷ്യം വഹിക്കുകയാണ്.

SCROLL FOR NEXT