NEWSROOM

വാളയാര്‍ കേസ്: മാതാപിതാക്കൾ കൊച്ചിയിലെ സിബിഐ കോടതിയിൽ ഹാജരാകണം

മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയാണ് സിബിഐ കുറ്റപത്രം സമർപിച്ചത്

Author : ന്യൂസ് ഡെസ്ക്


വാളയാർ പീഡനക്കേസിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളോട് ഹാജരാകാൻ കോടതി നിർദേശം. അടുത്തമാസം 25 ന് വിചാരണ കോടതിയായ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാകാനാണ് നിർദേശം. മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയാണ് സിബിഐ കുറ്റപത്രം സമർപിച്ചത്. രജിസ്റ്റർ ചെയ്ത ഒൻപത് കേസുകളിൽ ആറിലും മാതാപിതാക്കളെയാണ് പ്രതി ചേർത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ മാതാപിതാക്കൾ കൂട്ടു നിന്നെന്നാണ് കണ്ടെത്തൽ. ഇത് അംഗീകരിക്കണമെന്ന് പ്രാരംഭ വാദത്തിനിടെ പ്രത്യേക കോടതിയിൽ സിബിഐ അപേക്ഷിച്ചിരുന്നു. തുടർന്നാണ് അടുത്തമാസം ഹാജരാകാൻ നിർദേശിച്ചത്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സിബിഐയോട് വിശദീകരണം തേടിയിട്ടുണ്ട്.

സിബിഐയുടെ കുറ്റപത്രം റദ്ദാക്കണമെന്നും തുടരന്വേഷണം നടത്തണമെന്നുമാണ് മാതാപിതാക്കളുടെ ആവശ്യം. സിബിഐയുടേത് ആസൂത്രിതമായ അന്വേഷണ​മെന്ന് ഹര്‍ജിയില്‍ മാതാപിതാക്കള്‍ പറയുന്നു. സുതാര്യമായ അന്വേഷണമല്ല സിബിഐ നടത്തിയതെന്നും ഹര്‍ജിയില്‍ ആക്ഷേപമുണ്ട്. അധികാര ദുര്‍വിനിയോഗം നടത്തിയാണ് സിബിഐ കേസ് അന്വേഷിച്ചതെന്നും വാദമുണ്ട്.

ജീവനൊടുക്കിയ പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ മാതാപിതാക്കൾ ഒത്താശ ചെയ്തുവെന്നായിരുന്നു സിബിഐ കുറ്റപത്രം. മക്കളുടെ മുന്നിൽ വെച്ച് അമ്മയുമായി ഒന്നാം പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇളയ കുട്ടിയെ ഒന്നാം പ്രതിക്ക് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണ്. മൂത്തമകളുടെ ആത്മഹത്യക്ക് കാരണക്കാരൻ ഒന്നാം പ്രതിയാണെന്ന് അമ്മക്കറിയാം. ബലാത്സംഗം ചെയ്യാൻ കുഞ്ഞുങ്ങളെ മാതാപിതാക്കൾ ഇട്ടുകൊടുക്കുകയായിരുന്നുവെന്നുമാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്.

2017 ജനുവരി 13 നാണ് വാളയാര്‍ പെണ്‍കുട്ടികളില്‍ മൂത്ത സഹോദരിയെയും, മാര്‍ച്ച് 4 ന് ഇളയ സഹോദരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ മുഴുവന്‍ പ്രതികളെയും വിചാരണകോടതി വെറുതേ വിട്ടതോടെ സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സിബിഐയുടെ ആദ്യ കുറ്റപത്രം തള്ളിയ കോടതി വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചു. തുടർന്നാണ് സിബിഐ രണ്ടാമതും കുറ്റപത്രം സമർപ്പിച്ചത്.

SCROLL FOR NEXT