NEWSROOM

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി യുവാക്കളെ മോചിപ്പിക്കണം; ആവശ്യവുമായി യുദ്ധത്തില്‍ മരിച്ച സന്ദീപ് ചന്ദ്രന്റെ കുടുംബവും

തൃശൂര്‍ സ്വദേശികളായ ബിനിലിനെയും ജെയ്‌നെയും നാട്ടിലെത്തിക്കണമെന്നും തങ്ങള്‍ക്കുണ്ടായ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്നും സന്ദീപിന്റെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.

Author : ന്യൂസ് ഡെസ്ക്



കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി യുവാക്കളെ മോചിപ്പിക്കണമെന്ന ആവശ്യവുമായി റഷ്യയില്‍ യുദ്ധത്തില്‍ മരിച്ച സന്ദീപ് ചന്ദ്രന്റെ കുടുംബവും രംഗത്ത്. യുവാക്കളുടെ മോചനവുമായി ബന്ധപ്പെട്ട നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് സന്ദീപ് ചന്ദ്രന്റെ കുടുംബവും ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. തൃശൂര്‍ സ്വദേശികളായ ബിനിലിനെയും ജെയ്‌നെയും നാട്ടിലെത്തിക്കണമെന്നും തങ്ങള്‍ക്കുണ്ടായ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്നും സന്ദീപിന്റെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളികളുടെ മോചനത്തിനായി കണ്ണീരോടെ കാത്തിരിക്കുകയാണ് നാട്ടിലെ ബന്ധുക്കള്‍. ബിനില്‍ ബാബുവിന്റെയും ജെയ്ന്‍ കുര്യന്റെയും ഉറ്റവരുടെ സങ്കടം വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാനാവില്ല. പക്ഷെ അത് മറ്റാരെക്കാളും മനസിലാകും തൃക്കൂര്‍ സ്വദേശിയായ ചന്ദ്രന്.

ബിനിലിനും ജെയ്‌നും മലയാളികളായ മറ്റ് മൂന്ന് പേര്‍ക്കും ഒപ്പം കഴിഞ്ഞ ഏപ്രില്‍ ആദ്യവാരമാണ് സന്ദീപ് ചന്ദ്രന്‍ റഷ്യയിലെത്തിയത്. തൊഴില്‍ത്തട്ടിപ്പിന് ഇരായി കൂലിപ്പട്ടാളത്തില്‍ ചേരേണ്ടി വന്നു. ജോലിക്ക് കയറി മാസങ്ങള്‍ക്കകം ഉക്രൈന്‍ - റഷ്യ യുദ്ധ ബാധിത മേഖലയില്‍ വച്ച് സന്ദീപ് കൊല്ലപ്പെട്ടു. പക്ഷെ മകന്റെ മൃതദേഹം വിട്ടു കിട്ടുന്നതിനും ഒരു നോക്ക് കാണുന്നതിനും ഒന്നര മാസത്തിലധികമാണ് ബന്ധുക്കള്‍ക്ക് കാത്തിരിക്കേണ്ടി വന്നത്.

ബിനിലിന്റെയും ജെയ്‌നിനിന്റെയും കാര്യത്തില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. തൊഴില്‍ തട്ടിപ്പിന് ഇരയായി ചതിക്കപ്പെട്ട് യുദ്ധമുഖത്ത് ഇവര്‍ കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് എട്ട് മാസങ്ങളായി. ഇവര്‍ വീണ്ടും റഷ്യയില്‍ നിന്ന് രക്ഷപ്പെടുന്നതിനായി സഹായം ആവശ്യപ്പെടുകയാണ്. യുദ്ധ മേഖലയിലേക്ക് പോകാന്‍ പട്ടാളം നിര്‍ബന്ധിക്കുന്നതായും തിരികെ വരാമെന്ന പ്രതീക്ഷയില്ലെന്നും യുവാക്കള്‍ ബന്ധുക്കളെ അറിയിച്ചു.


നാട്ടിലേക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞ മറ്റുള്ളവര്‍ക്കാപ്പം തിരികെ വരാനാവും എന്നും പ്രതീക്ഷിച്ചു. മോചനം കാത്ത് നാല് മാസത്തോളം റഷ്യന്‍ പട്ടാളത്തിന്റെ ഷെല്‍ട്ടര്‍ ക്യാമ്പില്‍ കഴിഞ്ഞു. എന്നാല്‍ അവിടെ നിന്നും വീണ്ടും യുദ്ധമുഖത്തേക്ക് തിരികെ മടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടതോടെയാണ് ബിനിലിന്റെയും ജെയ്ന്റെയും നാട്ടിലെ ബന്ധുക്കളുടെ പ്രതീക്ഷയറ്റത്.

SCROLL FOR NEXT