പാരിസ് ഒളിംപിക്സിൻ്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്താൻ മലയാളി താരം പി.ആർ. ശ്രീജേഷും രണ്ട് മെഡലുകളുമായി തിളങ്ങിയ മനു ഭാക്കറുമെത്തും. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 12.30നാണ് ഒളിംപിക്സ് സമാപന ചടങ്ങ് ആരംഭിക്കുക. പാരിസിലെ സ്റ്റേഡ് ഡി ഫ്രാൻസ് ഗ്രൗണ്ടിലാണ് ചടങ്ങുകൾ നടക്കുന്നത്.
തുടർച്ചയായ രണ്ട് ഒളിംപിക്സുകളിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് വെങ്കലം സമ്മാനിച്ചാണ് മലയാളികളുടെ ശ്രീ കളി മതിയാക്കുന്നതെങ്കിൽ, വനിതകളുടെ ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവുമായാണ് മനു ഭാക്കർ ഇന്ത്യൻ പതാക വാഹകയാകുന്നത്. പാരിസിൽ ആറ് മെഡലുകളാണ് ഇന്ത്യൻ സംഘത്തിന് നേടാനായത്.
READ MORE: കൂലിപ്പണിക്കാരൻ്റെ മകൻ, ഒരേ ജാവലിനിൽ 8 വർഷം പരിശീലനം, ആരാണ് പാരിസിലെ 'ഗോൾഡൻ ത്രോ മാൻ' അര്‍ഷദ് നദീം?
36കാരനായ ശ്രീജേഷ് പാരിസ് ഒളിംപിക്സോടെ അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അത്ലറ്റുകളുടെ പരേഡിന് പുറമെ, ഫ്രാൻസിൻ്റെ പാരമ്പര്യത്തനിമ വിളിച്ചോതുന്ന കലാവിരുന്നുകളുടെ പ്രദർശനവും പ്രധാന ആകർഷണമാകും. ഇതിന് പുറമെ 2028ലെ ലോസ് ആഞ്ചൽസ് ഒളിംപിക്സിൻ്റെ സംഘാടകർക്ക് ദീപശിഖ കൈമാറുന്ന ചടങ്ങും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് തത്സമയം കാണാനാകും. ഇതിന് പുറമെ അമേരിക്കൻ ദേശീയ ഗാനാലാപവും ഉണ്ടാകും.