NEWSROOM

സെറീന വില്യംസിന് പ്രവേശനാനുമതി നിഷേധിച്ച് പാരിസ് റെസ്റ്റോറൻ്റ്; വിശദീകരണവുമായി റെസ്റ്റോറൻ്റ് ജീവനക്കാർ

റെസ്റ്റോറൻ്റിൻ്റെ പേര് വെളിപ്പെടുത്തുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് സെറീന വില്യംസിൻ്റെ എക്സിലെ കുറിപ്പ്

Author : ന്യൂസ് ഡെസ്ക്

ഒളിംപിക്‌സിനായി പാരിസിലെത്തിയ സെറീന വില്യംസിനും കുടുംബത്തിനും റസ്റ്റോറൻ്റിൽ പ്രവേശനാനുമതി നിഷേധിച്ചതായി പരാതി. പാരിസിലെ പെനിൻസുല റൂഫ്ടോപ്പ് റെസ്റ്റോറൻ്റിലാണ് സെറീന വില്യംസിനും കുടുംബത്തിനും അനുമതി നിഷേധിച്ചത്. നേരിട്ട ദുരനുഭവത്തെ പറ്റി സെറീന വില്യംസ് എക്സിൽ കുറിച്ചു. റസ്റ്റോറൻ്റിൻ്റെ പേര് വെളിപ്പെടുത്തുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് സെറീന വില്യംസിൻ്റെ കുറിപ്പ്.

എന്നാൽ, സെറീന വില്യംസിനെ തിരിച്ചറിയാൻ സാധിക്കാത്തതും, റെസ്റ്റോറൻ്റിൽ സീറ്റ് ഇല്ലാത്തതും കാരണമാണ് പ്രവേശനം നിഷേധിച്ചതെന്നാണ് പെനിൻസുല റൂഫ്ടോപ്പ് റസ്റ്റോറൻ്റ് ജീവനക്കാരുടെ വിശദീകരണം. സെറീന എത്തിയപ്പോൾ ആകെ രണ്ട് സീറ്റുകൾ മാത്രമാണ് അവിടെ അവശേഷിച്ചിരുന്നത്. ആ സീറ്റുകൾ നേരത്തെ റിസർവ് ചെയ്തതായിരുന്നു. സീറ്റ് ഒഴിയുന്നതു വരെ താഴെയുള്ള ബാറിൽ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. അതൊരിക്കലും വ്യക്തിപരമായിരുന്നില്ല, റെസ്റ്റോറൻ്റിലെത്തുന്ന ഏതൊരാളോടും പറയുന്നത് മാത്രമാണ് വില്യംസിനോടും പറഞ്ഞത്. വില്യംസിനോട് ബഹുമാനമുണ്ടെന്നും, ക്ഷമ ചോദിക്കുന്നുവെന്നും റസ്റ്റോറൻ്റിലെ ജീവനക്കാരനായ മാക്സിം മാനെവി പറഞ്ഞു.

23 തവണ ഗ്രാൻ്റ്സ്ലാം ജേതാവായ സെറീന വില്യംസ്, 2024 ഒളിമ്പിക്സിലെ ടോർച്ച് ലൈറ്റിംഗ് ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് പാരിസിലെത്തിയത്. റാഫേൽ നഥാൽ, കാൾ ലൂയിസ്, സിനഡിൻ സിദാൻ, ടെഡി റൈനർ, മാരി ജോസ് പെറക്ക്, ടോണി പാർക്കർ എന്നിവരോടൊപ്പമാണ് ഒളിമ്പിക്സിൻ്റെ പരമ്പരാഗത ടോർച്ച് ലൈറ്റിംഗ് ചടങ്ങിൽ സെറീന വില്യംസ് പങ്കെടുത്തത്. സെറീന വില്യംസ് നാല് തവണ ഒളിംപിക്സ് സ്വർണ മെഡലും നേടിയിട്ടുണ്ട്.


SCROLL FOR NEXT