ഉത്തരാഖണ്ഡിൽ പാർക്കിങ്ങിനെ ചൊല്ലി ആരംഭിച്ച തർക്കം വർഗീയ കാലപത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഗൗച്ചർ മാർക്കറ്റിൽ പാർക്കിങ്ങിനെച്ചൊല്ലി വ്യത്യസ്ത സമുദായത്തിലുള്ള രണ്ട് യുവാക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ തർക്കത്തിന് പിന്നാലെ പ്രദേശത്തെ കടകളിൽ ആക്രമണമുണ്ടായതായും സൈൻബോർഡുകൾ നശിപ്പിച്ചതായും ചമോലി പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്‌ച രാവിലെ 9.30 ഓടെ ഒരു ഹിന്ദു യുവാവ് തൻ്റെ സ്‌കൂട്ടർ മുസ്ലീം വിഭാഗത്തിൽ പെട്ടയാളുടെ കടയുടെ മുന്നിൽ പാർക്ക് ചെയ്തതോടെയാണ് സംഘർഷം ആരംഭിക്കുന്നത്
വാഹനം അവിടെ പാർക്ക് ചെയ്യരുതെന്ന് കടയുടമ ഇയാളോട് ആവശ്യപ്പെടുകയായിരുന്നു. യുവാവ് ഇതിന് വിസമ്മതിച്ചതോടെ പ്രദേശത്തെ ആളുകൾ ഒത്തുകൂടി ഹിന്ദു യുവാവിനെ മർദിച്ചു. കരൺപ്രയാഗ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശത്തായിരുന്നു സംഘർഷം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും യുവാക്കളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ALSO READ: കോൺഗ്രസ് മുഖമില്ലാത്ത ജമ്മു-കശ്മീർ മന്ത്രി സഭ; ഒമർ അബ്ദുള്ള സർക്കാരിലെ മന്ത്രിമാർ ആരൊക്കെ?
സംഭവത്തിന് പിന്നാലെ ചില ഹിന്ദു സംഘടനകൾ പ്രദേശത്ത് ഒത്തുകൂടി പ്രതിഷേധ പ്രകടനം നടത്തി. ഇവർ ബഹളം സൃഷ്ടിക്കുകയും ചില കടകൾ തകർക്കുകയും സൈൻബോർഡുകൾ നശിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടർന്ന് രണ്ട് സമുദായങ്ങളിൽ നിന്നുള്ള ഒരു വലിയ ജനക്കൂട്ടം ഗൗച്ചർ ഔട്ട്‌പോസ്റ്റിൽ തടിച്ചുകൂടി. ഇതോടെയാണ് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായത്. ഇരുകൂട്ടരെയും പൊലീസ് അനുനയിപ്പിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
ക്രമസമാധാനപാലനത്തിനായി നഗരത്തിലുടനീളം കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സാമുദായിക സൗഹാർദം ഉയർത്തിപ്പിടിക്കാനും സംയമനം പാലിക്കാനും സാഹോദര്യം പ്രോത്സാഹിപ്പിക്കാനും എസ്‌പി പൻവാർ പൗരന്മാരോട് അഭ്യർത്ഥിച്ചു. കൂടാതെ, സമാധാനം നിലനിർത്തുന്നതും നിയമവിരുദ്ധമായ ഒത്തുചേരലുകൾ തടയുന്നതിനുമായി ഭാരതീയ ന്യായ സുരക്ഷാ സംഹിതയുടെ (ബിഎൻഎസ്എസ്) സെക്ഷൻ 163 ഗൗച്ചറിലുടനീളം ചുമത്തിയിട്ടുണ്ട്.
പ്രദേശത്തെ ചില സാമൂഹിക വിരുദ്ധർ സാമുദായിക സൗഹാർദം തകർക്കാനും അശാന്തി ഉണ്ടാക്കാനും ലക്ഷ്യമിട്ടുള്ള സന്ദേശങ്ങൾ, സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ടെന്ന് ചമോലി പൊലീസ് ചൂണ്ടിക്കാട്ടി. സമൂഹത്തിനുള്ളിൽ സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുന്നതിന് പിന്തുണ നൽകണമെന്ന് എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നെന്നും പൊലീസ് സേന സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.