സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെതിരായ ഹിൻഡൻബെർഗ് റിസർച്ചിൻ്റെ ആരോപണങ്ങളിൽ പാർലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി സ്വമേധയാ അന്വേഷണം നടത്തും. മാധബിയെ വിളിച്ചു വരുത്തി വിവരങ്ങൾ തേടാനാണ് കമ്മിറ്റിയുടെ തീരുമാനം. സെബിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുക, നടപടികൾ നിരീക്ഷിക്കുക അടക്കമുള്ള കാര്യങ്ങൾ ആണ് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ഈ വർഷത്തെ അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും മൗറീഷ്യസും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള കടലാസ് കമ്പനികളിൽ നിക്ഷേപമുണ്ടെന്നായിരുന്നു ഹിൻഡൻബെർഗ് കണ്ടെത്തൽ. പിന്നാലെ വിഷയത്തിൽ സംയുക്ത പാർലമെൻ്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി രൂപീകരിച്ചത്. കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് കമ്മിറ്റി അധ്യക്ഷൻ.
ALSO READ: നാളെയിത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെവരെ ചോദ്യം ചെയ്തേക്കാം: ഹിൻഡൻബർഗ് വിഷയത്തില്‍ ഹരീഷ് സാൽവെ
ഈ മാസം തന്നെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ഒന്നിലധികം മീറ്റിംഗുകൾ ഉണ്ടാകുമെന്നും മാധബി പുരി ബുച്ചിൽ നിന്ന് വിവരങ്ങൾ തേടുമെന്നും സൂചനയുണ്ട്. പിഎ സിയുടെ അടുത്ത യോഗം സെപ്റ്റംബർ 10 നാണ്. എന്നാൽ കമ്മിറ്റിയുടെ പൂർണമായ അജണ്ട എന്തൊക്കെയാണെന്നതിൽ വ്യക്തതയില്ല. എങ്കിലും സെബി ചെയർപേഴ്സൻ്റെ വിഷയമാണ് കമ്മിറ്റി രൂപീകരണത്തിന് പിന്നിൽ.
സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും അദാനിയുമായി ബന്ധപ്പെട്ട ഓഫ്‌ഷോര്‍ ഫണ്ടുകളില്‍ ഓഹരിയുണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിസര്‍സച്ചിന്റെ കണ്ടെത്തൽ. വിസില്‍ബ്ലോവര്‍ രേഖകളെ ആധാരമാക്കിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഹിന്‍ഡന്‍ബര്‍ഗ് പറയുന്നത് പ്രകാരം, ഗൗതം അദാനി, സഹോദരന്‍ വിനോദ് അദാനി എന്നിവരുമായി ബന്ധപ്പെട്ട ബര്‍മൂഡ, മൗറീഷ്യസ് ഫണ്ടുകളിലാണ് സെബി ചെയര്‍പേഴ്‌സണ് ഓഹരിയുള്ളത്. വ്യവസായ മാര്‍ക്കറ്റില്‍ ക്രമക്കേടുകള്‍ നടത്തുവാന്‍ അദാനി ഗ്രൂപ് ഉപയോഗിച്ചത് ഈ കമ്പനികളാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് 2023ല്‍ റിപ്പോർട്ട് ചെയ്തിരുന്നു.
2023ല്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന ഷെല്‍ കമ്പനികളിലാണ് മാധബിക്ക് ഓഹരിയുള്ളത്. അദാനി ഗ്രൂപ്പിനെതിരെയുള്ള സെബിയുടെ അന്വേഷണം മന്ദഗതിയിലായത് ചെയര്‍പേഴ്‌സണ് ഓഹരിയുണ്ടായതു കൊണ്ടാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. സെബിയില്‍ മാധബി ചുമതല ഏറ്റെടുക്കുന്നതിനു മുന്‍പ് അന്വേഷണങ്ങള്‍ ഒഴിവാക്കാന്‍ നിക്ഷേപങ്ങള്‍ ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റുവാനായി അപേക്ഷിച്ചിരുന്നുവെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.