NEWSROOM

തൃശൂര്‍ ചാവക്കാട് കടല്‍ തീരത്തടിഞ്ഞ ഇരുമ്പ് പെട്ടിയില്‍ മെഷീന്‍ ഗണ്ണിന്റെ ഭാഗങ്ങള്‍; ആദ്യം കണ്ടത് മത്സ്യത്തൊഴിലാളികൾ

ഇരുമ്പ് പെട്ടി മെഷീൻ ഗണ്ണിന്റെ ബുള്ളറ്റുകളും ബെൽറ്റും ബന്ധപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന 500ലധികം മെറ്റൽ ലിങ്കുകൾ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

തൃശൂർ, ചാവക്കാട് തൊട്ടാപ്പ് കടപ്പുറത്ത് കരയ്ക്കടിഞ്ഞ ഇരുമ്പ് പെട്ടിയിൽ മെഷീൻ ഗണ്ണിന്റെ ഭാഗങ്ങൾ. മത്സ്യത്തൊഴിലാളികൾക്കാണ് തീരത്തുനിന്ന് ഇരുമ്പ് പെട്ടി കിട്ടിയത്. പെട്ടിയിൽ മെഷീൻ ഗണ്ണിന്റെ മെറ്റൽ ലിങ്കുകൾ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

സമീപപ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളിയാണ് ഇരുമ്പ് പെട്ടി കാണുന്നതും അധികാരികളെ അറിയിക്കുന്നതും. തുടർന്ന് മുനയ്ക്കകടവ് തീരദേശ പൊലീസെത്തി പരിശോധന നടത്തി. പരിശോധനയിൽ പെട്ടിയിലുള്ളത് തോക്കിൻ്റെ ഭാഗങ്ങളാണെന്ന് വ്യക്തമായി. പൊലീസ് വിഷയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. രഹസ്യസ്വഭാവത്തിലുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്.



കൊച്ചിയിലെ കപ്പൽ അപകടം നടക്കുന്നതിന് മുൻപായാണ് മത്സ്യത്തൊഴിലാളികൾക്ക് ഇരുമ്പ് പെട്ടി ലഭിക്കുന്നത്. അതിനാൽ കൊച്ചിയിലെ കപ്പലപകടവുമായി ഇതിന് ബന്ധമില്ല. ഇരുമ്പ് പെട്ടിയിൽ 500ലധികം മെറ്റൽ ലിങ്കുകൾ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. മെഷീൻ ഗണ്ണിന്റെ ബുള്ളറ്റുകളും ബെൽറ്റും ബന്ധപ്പെടുത്തുന്നതിന് ഉപയോഗിക്കുന്നതാണ് ഇത്തരം ലിങ്കുകൾ. ഇതാരുടേതാണ് എന്നടതടക്കം പൊലീസ് പരിശോധിക്കുകയാണ്.


SCROLL FOR NEXT