വിമാനത്തിലെ യാത്രക്കാർ 
NEWSROOM

"വെള്ളമില്ല, ഭക്ഷണമില്ല, വിമാനത്തിലിരുന്നത് അഞ്ച് മണിക്കൂർ"; ഇൻഡിഗോ എയർലൈൻസിനെതിരെ പരാതിയുമായി യാത്രക്കാർ

വിമാനത്തിൽ സാങ്കേതിക തകരാറുണ്ടായതിനാൽ യാത്രക്കാരെ അഞ്ച് മണിക്കൂറോളം വിമാനത്തിനുള്ളിൽ ഇരുത്തിയതായാണ് ആരോപണം

Author : ന്യൂസ് ഡെസ്ക്



മുംബൈയിൽ നിന്ന് ഖത്തറിലേക്കുള്ള ഇൻഡിഗോ വിമാനം അഞ്ച് മണിക്കൂറോളം വൈകിയതായി പരാതി. വിമാനത്തിൽ സാങ്കേതിക തകരാറുണ്ടെന്ന് കാട്ടി യാത്രക്കാരെ അഞ്ച് മണിക്കൂറോളം വിമാനത്തിനുള്ളിൽ ഇരുത്തിയതായാണ് ആരോപണം. പിന്നാലെ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കുകയും ഹോൾഡിങ്ങ് ഏരിയയിലേക്ക് മാറ്റുകയും ചെയ്തെന്ന് യാത്രക്കാർ വ്യക്തമാക്കി.

ഇമിഗ്രേഷൻ അവസാനിച്ചതിനാലാണ് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറങ്ങാൻ അനുവദിക്കാഞ്ഞതെന്ന് യാത്രക്കാരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. "വിമാനത്തിലെ ജീവനക്കാരുമായി വഴക്കിട്ടതിന് ശേഷമാണ് ഞങ്ങളെ ഒരു ഹോൾഡിംഗ് ഏരിയയിലേക്ക് മാറ്റിയത്. അധികാരികളാരും വിഷയത്തിൽ പ്രതികരിക്കുന്നില്ല," യാത്രക്കാരൻ പറയുന്നു.

ഇവർക്ക് വെള്ളമോ ഭക്ഷണമോ നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്. "ആളുകൾ ആശങ്കയിലാണ്, അവരുടെ ജോലി അപകടത്തിലാണ്, യാത്രക്കാർ കുട്ടികളുമായി കാത്തിരിക്കുകയാണ്," യാത്രക്കാരിലൊരാൾ പറഞ്ഞു.  വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. വിഷയത്തിൽ ഇൻഡിഗോയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസം എയർലൈനും ജീവനക്കാരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഡൽഹിയിൽ നിന്ന് ബീഹാറിലെ ദർഭംഗയിലേക്ക് പോകുന്ന സ്‌പൈസ് ജെറ്റ് വിമാനം ടേക്ക് ഓഫിന് അഞ്ച് മിനിറ്റ് മുമ്പ് റദ്ദാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡൽഹി-ദർഭംഗ റൂട്ടിൽ വിമാനങ്ങൾ റദ്ദാക്കുന്നത് ഒരു പതിവാണെന്ന് യാത്രക്കാർ ആരോപിക്കുന്നു.



SCROLL FOR NEXT